കുവൈത്ത് എയർവേസ് സൂറിച്ച് സർവീസ് വെള്ളിയാഴ്ച മുതൽ
വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി കുവൈത്ത് എയർവേസ് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്കുള്ള പുതിയ വാണിജ്യ വിമാന സർവീസുകൾ വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു. വെള്ളി, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സർവീസുകളാണ് കുവൈത്ത് എയർവേസ് സൂറിച്ചിലേക്ക് നടത്തുക.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്തും കമ്പനിയുടെ ആഗോള സർവീസ് ശൃംഖല വികസിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ റൂട്ട് തുറന്നതെന്ന് കുവൈത്ത് എയർവേസ് ആക്ടിംഗ് സിഇഒ അബ്ദുൽ വഹാബ് അൽ ഷാത്തി പറഞ്ഞു. ജനപ്രിയ വേനൽക്കാല വിനോദസഞ്ചാര കേന്ദ്രമായ സൂറിച്ചിലേക്ക് കൂടുതൽ യാത്രാ ഓപ്ഷനുകൾ ലഭ്യമാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
