കേന്ദ്ര മന്ത്രിസ്ഥാനവും എം.പി സ്ഥാനവും രാജിവെച്ച് എൽ. മുരുകൻ; കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് റിപ്പോർട്ട്
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്, പാർലമെന്ററി കാര്യവകുപ്പ് സഹമന്ത്രി എൽ. മുരുകൻ മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവെച്ചു. തമിഴ്‌നാട്ടിൽ പാർട്ടി പ്രവർത്തനങ്ങളിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ.
തമിഴ്‌നാട്ടിലെ ബി.ജെ.പി സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി മന്ത്രിസഭാ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും രാജ്യസഭാംഗത്വം രാജിവെക്കാൻ അനുവാദം നൽകണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതത്തെയും തമിഴ്‌നാടിനെയും സേവിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ബഹുമതിയാണെന്ന് എക്‌സിലൂടെ (X) അദ്ദേഹം വ്യക്തമാക്കി. ദിവസവേതനക്കാരായ മാതാപിതാക്കളുടെ മകനായ തനിക്ക് കേന്ദ്ര മന്ത്രിസഭയിൽ സേവനമനുഷ്ഠിക്കാൻ സാധിച്ചത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എൽ. മുരുകന്റെ രാജിയോടെ കേന്ദ്ര മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന നടന്നേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായി. ദീപാവലിക്ക് മുൻപായി പുതിയ പ്രഖ്യാപനങ്ങളുണ്ടായേക്കാം. നേരത്തെ രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് രവ്‌നീത് സിങ് ബിട്ടു, ജോർജ് കുര്യൻ എന്നിവരും മന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിന് പുറമെ ഡൽഹി ബി.ജെ.പി അധ്യക്ഷനായി ചുമതലയേറ്റെടുത്ത ഹർഷ് മൽഹോത്രയും 'ഒരാൾക്ക് ഒരു പദവി' നയത്തിന്റെ ഭാഗമായി സ്ഥാനമൊഴിയുമെന്നാണ് കരുതപ്പെടുന്നത്.
