കോൺഗ്രസിനോട് ഇടഞ്ഞ് ഇടതുപാർട്ടികളും; പാർലമെൻ്റ് സ്തംഭനത്തിൽ 'ഇൻഡ്യ'യിൽ അതൃപ്തി പുകയുന്നു

തുടർച്ചയായ പാർലമെന്റ് സ്തംഭനത്തിൽ ഇൻഡ്യ സഖ്യത്തിൽ അതൃപ്തി പുകയുന്നു. തൃണമൂൽ കോൺഗ്രസിനും ശരദ് പവാർ എൻസിപിയ്ക്കും ശേഷം ഇടതുപാർട്ടികളും സ്തംഭനത്തിൽ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയതോടെയാണ് സഖ്യത്തിൽ അതൃപ്തി രൂക്ഷമായത്
തുടർച്ചയായ പാർലമെന്റ് സ്തംഭനങ്ങൾ കേന്ദ്രസർക്കാരിനെ സങ്കീർണമായ പല വിഷയങ്ങളിൽ നിന്നും ഒളിച്ചോടാൻ സഹായിക്കുമെന്നാണ് ഇടതുപാർട്ടികളുടെ നിലപാട്. അതുകൊണ്ട് ഈ രീതി മാറ്റണമെന്നും മറ്റ് വഴികൾ തേടണമെന്നും കോൺഗ്രസിനോട് ഇടതുപാർട്ടികൾ ആവശ്യപ്പട്ടിട്ടുണ്ട്. തിങ്കളാഴ്ച സഖ്യനേതാക്കൾ യോഗം ചേർന്ന് പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ എന്തെന്ന് ചർച്ച ചെയ്യും.
നേരത്തെ സഭാ നടപടികൾ തടസ്സപ്പെടുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും രംഗത്തെത്തിയിരുന്നു.ഏതെങ്കിലും വിഷയത്തിൽ സഭ തടസ്സപ്പെടുത്തുന്നതിന് പകരം ജനങ്ങളെ ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുകയാണ് വേണ്ടതെന്നാണ് തൃണമൂൽ കോൺഗ്രസ് നിലപാട്. പാർലമെന്റിൽ 'ജനങ്ങളുടെ പ്രശ്നങ്ങളിൽ' പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉപനേതാവ് കക്കോലി ഘോഷ് ദസ്തിദാർ പറഞ്ഞിരുന്നു.