അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും: നാല് മരണം; അഞ്ച് സൈനികരെ കാണാതായി
അരുണാചൽ പ്രദേശിലെ ദിബാങ് വാലി, അപ്പർ സുബാൻസിരി ജില്ലകളിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. അപ്പർ സുബാൻസിരിയിൽ റോഡ് നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ നാലുപേർ മരിച്ചു. നിരവധിയാളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
ദിബാങ് വാലി ജില്ലയിലെ പാസു പാനി ആർമി ക്യാമ്പിലുണ്ടായ മിന്നൽ പ്രളയത്തിൽ 5-ാം ഗ്രനേഡിയേഴ്‌സിന്റെ രണ്ട് ഷെൽട്ടറുകൾ ഒലിച്ചുപോയി. ഇവിടെയുണ്ടായിരുന്ന ഏഴ് സൈനികരിൽ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഹവിൽദാർ ഉപേന്ദർ, സൈനികരായ കുന്ദൻ, വിനോദ്, ആദിത്യ, സമുന്ദ എന്നിവരുൾപ്പെടെ അഞ്ച് പേരെ കാണാതായി.
കാണാതായ സൈനികർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. 5-ാം ഗ്രനേഡിയേഴ്‌സിന്റെ രക്ഷാപ്രവർത്തന സംഘങ്ങൾക്ക് പുറമെ ഐ.ടി.ബി.പി, എസ്.ഡി.ആർ.എഫ്, അരുണാചൽ പോലീസ് എന്നിവരും സംയുക്തമായി സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
