ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഗോഡൗണുകളിൽ മിന്നൽ റെയ്ഡ്; കോടികളുടെ പഴകിയ ഭക്ഷണസാധനങ്ങളും മരുന്നുകളും പിടിച്ചെടുത്തു
പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിൽ കർണ്ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. പരിശോധനയിൽ ഏകദേശം 1.38 കോടി രൂപ വിലമതിക്കുന്ന കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങളും, അനുമതിയില്ലാതെ സൂക്ഷിച്ചിരുന്ന 4.02 ലക്ഷം രൂപയുടെ മരുന്നുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഓൺലൈൻ വഴി വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനായിരുന്നു പരിശോധന.
ബെംഗളൂരുവിലെ ദേവനഹള്ളി, അനേക്കൽ എന്നിവിടങ്ങളിലെ ആമസോൺ കേന്ദ്രങ്ങളിൽ നിന്നും ഹോസ്കോട്ടിലെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കേന്ദ്രത്തിൽ നിന്നുമാണ് പ്രധാനമായും ക്രമക്കേടുകൾ കണ്ടെത്തിയത്. തെറ്റായ ലേബലിങുള്ളതും കാലാവധി കഴിഞ്ഞതുമായ 56 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കളും ലൈസൻസില്ലാതെ സൂക്ഷിച്ച മരുന്നുകളുമാണ് ആമസോൺ ഗോഡൗണുകളിൽ നിന്ന് പിടിച്ചെടുത്തത്.
അതേസമയം, ഹോസ്കോട്ടിലെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കേന്ദ്രത്തിൽ നിന്ന് കാലാവധി കഴിഞ്ഞ 42 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ കണ്ടെത്തുകയും, ശുചിത്വമില്ലായ്മയും നിയമലംഘനവും ചൂണ്ടിക്കാട്ടി ഈ കേന്ദ്രം ഉദ്യോഗസ്ഥർ അടിയന്തിരമായി പൂട്ടിക്കുകയും ചെയ്തു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, വിതരണ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
