ജാർഖണ്ഡിൽ ഇടിമിന്നൽ ദുരന്തം; 24 മണിക്കൂറിൽ 11 മരണം
ജാർഖണ്ഡിൽ ശക്തമായ ഇടിമിന്നലേറ്റ് 24 മണിക്കൂറിനുള്ളിൽ 11 പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും 10 വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു. ഖുന്തി ജില്ലയിൽ നാല്, രാംഗാഡ് ജില്ലയിൽ രണ്ട്, ലോഹോർദാഗ, ദേവ്ഘർ, ജംതാര, സാഹിബ്ഗഞ്ച്, ഗിരിദിഹ് എന്നീ ജില്ലകളിൽ ഓരോ ആളുകൾ വീതവുമാണ് മരിച്ചത്.
ഖുന്തി ജില്ലയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിൽ നാല് പേരാണ് മരിച്ചത്. സമീപത്തുള്ള വനത്തിലേക്ക് പോകുന്നതിനിടെയായിരുന്നു രണ്ട് പേർ ഇടിമിന്നലേറ്റ് മരിച്ചത്. മരിച്ചവരിൽ 16 വയസ്സുള്ള ഒരു ആൺകുട്ടിയും സുഖ്‌റാം മുണ്ട എന്ന 44 കാരനുമുണ്ട്. മറ്റൊരു സംഭവത്തിൽ പത്രതോളി ഗ്രാമത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 22 വയസ്സുള്ള പ്രേം ബഖാല മരിക്കുകയും മറ്റ് മൂന്ന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ റാഞ്ചിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.റോൺഹെ ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് 52 വയസ്സുകാരനായ നിസ്ട്രാർ ടോപ്‌നോ എന്ന കർഷകനും മരിച്ചിരുന്നു.
ലോഹർദഗ ജില്ലയിലെ കൈറോ ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു രേഖ ദേവി എന്ന 35 വയസ്സുകാരി ഇടിമിന്നലേറ്റ് മരിച്ചത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സാഹിബ്ഗഞ്ച് ജില്ലയിൽ ബന്ദർഗോഡ ഗ്രാമത്തിൽ പൊരായാനി ഹെംബ്രോം എന്ന 10 വയസ്സുകാരിയും ഇടിമിന്നലേറ്റ് മരിച്ചു. മരത്തിനടിയിൽ കളിക്കുന്നതിനിടെയായിരുന്നു ബാലികയ്ക്ക് ഇടിമിന്നലേറ്റത്. ദിയോഘറിലെ ബസ്ബുതിയ ഗ്രാമത്തിൽ വയലിലെ ഒരു മരത്തിനടിയിൽ രക്ഷതേടിയ 30കാരിയായ മുന്ദ്രിക ദേവിയും ഇടിമിന്നലേറ്റ് മരിച്ചു. ഭാര്യയോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തുക്തുക്കോ ഗ്രാമത്തിലെ സീതാറാം ഹൻസ്ദ എന്ന വൃദ്ധൻ ഇടിമിന്നലേറ്റ് മരിച്ചത്. ബദോളിയ ഗ്രാമത്തിൽ 30 വയസുകാരനായ ലാലിൻ സോറൻ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് ഇടിമിന്നലേറ്റ് കൊല്ലപ്പെട്ടത്.രാംഗഡ് ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ മരിച്ചു. 49 വയസ്സുള്ള കർഷകനായ മാൻസി ദേവി വയലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് മരിക്കുകയായിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുണ്ടിഗാച്ചി ഗ്രാമത്തിലെ 68 വയസുകാരൻ ഇടിമിന്നലേറ്റ് മരിച്ചത്.
