‘ഒളിമ്പിക്സ് സ്വർണം വീണ്ടും നേടിയപോലെ’; മോഷണം പോയ മെഡലുകൾ വീണ്ടെടുത്ത പൊലീസിന് നന്ദി പറഞ്ഞ് എം.എം. സോമയ
ഹോക്കി ഇതിഹാസ താരം എം.എം. സോമയയുടെ വീട് തകർത്ത് ഒളിമ്പിക്സ് സ്വർണ മെഡലും മറ്റ് ബഹുമതികളും കവർച്ച ചെയ്ത കേസിൽ രണ്ട് പ്രതികളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. മാണിക്യ എന്ന മാണിക്കന്തൻ (31), ഭരത് എന്ന ഡാർലി (25) എന്നിവരാണ് പിടിയിലായത്.
ബംഗളൂരു രാജാജിനഗറിലെ ഗോൾഡ് കമ്പനിയിൽ വിറ്റഴിച്ച തൊണ്ടിമുതലുകളും കവർച്ച ചെയ്യപ്പെട്ട ആറ് മെഡലുകൾ, ഒളിമ്പിക്സ് ബാഗ്, കാമറ എന്നിവ പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. മോസ്കോ ഒളിമ്പിക്സ് സ്വർണ മെഡൽ, ഏഷ്യൻ ഗെയിംസ് മെഡലുകൾ, ചാമ്പ്യൻസ് ട്രോഫി മെഡൽ എന്നിവയ്ക്ക് പുറമെ സ്വർണ-വെള്ളി ആഭരണങ്ങളും പണവും അടക്കം ഏകദേശം 3.5 ലക്ഷം രൂപയുടെ വസ്തുക്കളാണ് നഷ്ടപ്പെട്ടിരുന്നത്.
സോമയയും കുടുംബവും കുടഗിലേക്ക് യാത്രപോയ സമയത്ത് ഒക്ടോബർ 28-നായിരുന്നു മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാമനഗര ജില്ലയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഒളിവിലുള്ള മറ്റൊരു പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മോഷണം പോയ ഒളിമ്പിക്സ് മെഡലും മറ്റ് ബഹുമതികളും തിരികെ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഒളിമ്പിക്സ് സ്വർണം വീണ്ടും നേടിയ അനുഭൂതിയാണെന്നും പറഞ്ഞ എം.എം. സോമയ, കേസ് അതിവേഗം തെളിയിച്ച ബംഗളൂരു പൊലീസിന് നന്ദി അറിയിച്ചു.
