മദ്യനയക്കേസിൽ സിബിഐക്ക് തിരിച്ചടി; കെജ്‌രിവാളിനെയും സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി

  1. Home
  2. National

മദ്യനയക്കേസിൽ സിബിഐക്ക് തിരിച്ചടി; കെജ്‌രിവാളിനെയും സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി

aap


ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും വിചാരണ കോടതി കുറ്റവിമുക്തരാക്കി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത അടക്കമുള്ളവർക്കെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതികളെ വിട്ടയച്ച കോടതി നടപടി അന്വേഷണ ഏജൻസിയായ സിബിഐക്ക് കനത്ത പ്രഹരമായി.

ഗൂഢാലോചന നടന്നതിനോ പ്രതികൾ കുറ്റം ചെയ്തതിനോ യാതൊരുവിധ തെളിവുകളും ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ആയിരത്തോളം പേജുള്ള കുറ്റപത്രത്തിൽ ഗുരുതരമായ പിഴവുകളുണ്ടെന്നും ഒരു സാക്ഷിമൊഴി പോലും പ്രതികൾക്കെതിരെ വിശ്വാസയോഗ്യമായി അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്നും വിചാരണ കോടതി ചൂണ്ടിക്കാട്ടി. 1000 കോടിയുടെ അഴിമതി നടന്നെന്ന ആരോപണത്തിൽ ഒരു കഴമ്പുമില്ലെന്ന് കോടതി കണ്ടെത്തി.

ആം ആദ്മി പാർട്ടിക്കെതിരെ ബിജെപി വലിയ തോതിൽ ഉപയോഗിച്ച രാഷ്ട്രീയ ആയുധമായിരുന്നു ഈ കേസ്. ഗോവ തിരഞ്ഞെടുപ്പിലടക്കം അഴിമതിപ്പണം ഉപയോഗിച്ചു എന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ കോടതിയിൽ ഇവയൊന്നും തെളിയിക്കാൻ കഴിയാതിരുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകും. സത്യം വിജയിച്ചു എന്നായിരുന്നു വിധിയോട് എഎപി നേതാക്കളുടെ പ്രതികരണം.