മദ്യനയക്കേസ്: കെജ്‌രിവാളിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ജസ്റ്റിസ് സ്വർണകാന്ത ശർമ
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള മുതിർന്ന ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ച് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണകാന്ത ശർമ. മദ്യനയ കേസുമായി ബന്ധപ്പെട്ട് തനിക്കും കോടതിക്കുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരവും നിന്ദ്യവുമായ പ്രചാരണങ്ങൾ നടത്തിയെന്നാരോപിച്ചാണ് നടപടി.
കെജ്‌രിവാളിന് പുറമെ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിനയ് മിശ്ര, സൗരഭ് ഭരദ്വാജ് എന്നിവർക്കെതിരെയാണ് കോടതി നടപടിയെടുത്തത്. അതേസമയം, മദ്യനയക്കേസിൽ കെജ്‌രിവാൾ ഉൾപ്പെടെയുള്ളവരെ വെറുതെവിട്ടതിനെതിരായ സിബിഐയുടെ പുനഃപരിശോധനാ ഹർജി കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ പിന്മാറി. കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്ന് അവർ വ്യക്തമാക്കി.
കോടതിയുടെ അധികാരത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രചാരണങ്ങൾ വിമർശനപരിധി ലംഘിച്ചുവെന്നും ജസ്റ്റിസ് നിരീക്ഷിച്ചു. ജുഡീഷ്യറി എന്ന സംവിധാനത്തെ സംരക്ഷിക്കാനാണ് ഈ നടപടിയെന്നും രാഷ്ട്രീയ പ്രചാരണങ്ങളെ ഭയപ്പെടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
