ആകാശത്ത് 4 സെക്കൻഡ് നിയന്ത്രണം നഷ്ടമായി; ബ്ലാക്ക് ബോക്സ് വിവരങ്ങൾ പുറത്ത്
ഫുക്കറ്റിൽനിന്ന് ന്യൂഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന്റെ നിയന്ത്രണം ആകാശത്തുവെച്ച് നാല് സെക്കൻഡ് നേരത്തേക്ക് പൂർണമായി നഷ്ടപ്പെട്ടിരുന്നതായി റിപ്പോർട്ട്. പ്രധാന നിയന്ത്രണ സംവിധാനങ്ങൾ നിശ്ചലമായതോടെ വിമാനം പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റു. എയർബസ് എ-320 നിയോ (A-320 NEO) വിമാനത്തിന്റെ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിലെ (ബ്ലാക്ക് ബോക്സ്) പ്രാഥമിക പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കിയത്. വിമാനത്തെ നിയന്ത്രിക്കുന്ന എലിവേറ്ററുകളും എയിലറണുകളും നാല് സെക്കൻഡ് നേരത്തേക്ക് ഒരേസമയം നിശ്ചലമായെന്ന് എയർബസിന്റെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിമാനം പെട്ടെന്ന് അപകടകരമായ രീതിയിൽ താഴേക്ക് പതിച്ചതോടെ 'ഓട്ടോ പൈലറ്റ്' സംവിധാനം സ്വയം പ്രവർത്തനരഹിതമായി. തുടർന്ന് വിമാനം നിയന്ത്രിക്കാൻ കോ-പൈലറ്റ് ശ്രമിച്ചെങ്കിലും ഹൈഡ്രോളിക് തകരാർ കാരണം സാധിച്ചില്ല. പിന്നീട് സെക്കൻഡുകൾക്കുള്ളിൽ ഹൈഡ്രോളിക് സംവിധാനം വീണ്ടും പ്രവർത്തനക്ഷമമായതിനാലാണ് വൻ ദുരന്തം ഒഴിവായത്. വിമാനം പെട്ടെന്ന് താഴ്ന്നതോടെ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാരും ജീവനക്കാരും മേൽക്കൂരയിലേക്ക് തെറിച്ചുവീണാണ് പരിക്കേറ്റത്. പ്രഷർ സെൻസറിലുണ്ടായ തകരാറാണ് ഹൈഡ്രോളിക് സംവിധാനങ്ങളെ ബാധിച്ചതെന്നാണ് എയർബസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഇന്ത്യയിലെ എ.എ.ഐ.ബിയും (AAIB) ഫ്രഞ്ച് അന്വേഷണ ഏജൻസിയായ ബി.ഇ.എയും (BEA) സംയുക്തമായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡായ ക്യാപ്റ്റൻ സുദീപ് വസിഷ്ഠ് പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചു. വിമാനം ലാൻഡ് ചെയ്തതിന് ശേഷം നടത്തിയ രക്തപരിശോധനയിലാണ് ഇയാളുടെ ശരീരത്തിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയത്. പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി വിമാനത്തിലുണ്ടായിരുന്ന ഒരു ജീവനക്കാരനും പരാതി നൽകിയിട്ടുണ്ട്. പൈലറ്റിന്റെ ലഹരി ഉപയോഗവും വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതും തമ്മിൽ ബന്ധമുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയിലെയും എയർ ഇന്ത്യ എക്സ്പ്രസിലെയും മുഴുവൻ പൈലറ്റുമാരോടും ലഹരി പരിശോധനയ്ക്ക് വിധേയരാകാൻ എയർ ഇന്ത്യ നിർദേശം നൽകി.
