മോദിയെ കണ്ടതോടെ ഭാഗ്യം തെളിഞ്ഞു; വീണ്ടും ഫോമിലേക്ക് തിരിച്ചെത്തി സൂര്യകുമാർ യാദവ്

  1. Home
  2. National

മോദിയെ കണ്ടതോടെ ഭാഗ്യം തെളിഞ്ഞു; വീണ്ടും ഫോമിലേക്ക് തിരിച്ചെത്തി സൂര്യകുമാർ യാദവ്

image


ബാറ്റിങ്ങിൽ മോശം ഫോം തുടരുന്നതിനിടെ തകർപ്പൻ തിരിച്ചുവരവുമായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തുടർച്ചയായി രണ്ട് അർധ സെഞ്ചുറികൾ നേടിയതോടെ വീണ്ടും ബാറ്റിങ് മികവ് തെളിയിച്ചിരിക്കുകയാണ് താരം. ഇതിന് പിന്നാലെ തന്റെ കരിയറിൽ ഭാഗ്യം കൊണ്ടുവന്നതിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും പങ്കുണ്ടെന്ന് പറയുകയാണ് സൂര്യകുമാർ.

നവംബർ ആറിനാണ് ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സൂര്യകുമാർ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.ആ കൂടിക്കാഴ്ച തനിക്ക് വലിയ ഭാഗ്യം കൊണ്ടുവന്നെന്നാണ് സൂര്യകുമാറിന്റെ പ്രതികരണം. പ്രധാനമന്ത്രിക്കൊപ്പം അഞ്ചോ പത്തോ മിനിറ്റ് മാത്രമേ ചെലവഴിക്കാനാകൂ എന്നാണ് കരുതിയിരുന്നതെന്നും എന്നാൽ അദ്ദേഹം 45 മിനിറ്റോളം തങ്ങളോടൊപ്പം ചെലവഴിച്ചെന്നും താരം പറഞ്ഞു. സമ്മർദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നതായും സൂര്യകുമാർ വെളിപ്പെടുത്തി.

ഹൈദരാബാദിനെതിരായ മത്സരത്തിൽ 21 പന്തിൽ 60 റൺസും ഗുജറാത്തിനെതിരെ 29 പന്തിൽ 82 റൺസുമാണ് സൂര്യകുമാർ നേടിയത്. ഗോവയ്‌ക്കെതിരെ 12 പന്തിൽ 25 റൺസും നേടി.മാർച്ചിൽ നടന്ന ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെയാണ് സൂര്യകുമാർ അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്. താരത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ കിരീടം നേടിയെങ്കിലും ബാറ്റിങ്ങിലെ മോശം പ്രകടനത്തെത്തുടർന്ന് പിന്നീട് ടീമിൽ നിന്ന് പുറത്തായി. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് താരം.