ലഖ്നൗ കോച്ചിങ് സെന്റർ തീപിടിത്തം: മരണം 11 ആയി
ഉത്തർപ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെന്റർ പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിൽ ഉണ്ടായ വൻതീപിടിത്തത്തിൽ 11 പേർ മരിച്ചതായി റിപ്പോർട്ട്. അലിഗഞ്ച് പ്രദേശത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് സംഭവം നടന്നത്.കോച്ചിങ് സെന്ററിനൊപ്പം ഗെയിമിംഗ് കേന്ദ്രവും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന കോച്ചിങ്ങിൽ നിന്ന് രക്ഷപ്പെടാൻ ചില വിദ്യാർഥികൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയതായും വിവരങ്ങൾ പറയുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.തീ അതിവേഗത്തിൽ പടർന്നുപിടിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താൻ സാധിച്ചില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ അഗ്‌നിരക്ഷാസേനയുടെ എട്ട് യൂണിറ്റുകൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.പൊലീസ്, ജില്ലാ ഭരണകൂടം അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. . സംഭവസ്ഥലം സന്ദർശിച്ച ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ നടുക്കം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു
