കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി
തമിഴ്‌നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ സി.വി. കാർത്തികേയൻ, ആർ. ശക്തിവേൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കരൂരിൽ നടന്ന ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളിൽ അർഹരായവർക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവും പുറത്തിറക്കുകയും, ഈ മാസം ആദ്യം കരൂരിലെത്തിയ മുഖ്യമന്ത്രി 32 പേർക്ക് നിയമന ഉത്തരവുകൾ കൈമാറുകയും ചെയ്തിരുന്നു.
ദുരന്തബാധിത കുടുംബങ്ങൾക്ക് ആശ്വാസനടപടിയായാണ് സർക്കാർ തീരുമാനം നടപ്പാക്കിയത്. എന്നാൽ സർക്കാർ ജോലി നൽകുന്നതിനെതിരെ പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടു. ഹർജി പരിഗണിച്ച കോടതി നേരത്തെ നിയമന ഉത്തരവുകൾ വിതരണം ചെയ്യാൻ അനുമതി നൽകിയിരുന്നെങ്കിലും, അവ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായ താൽക്കാലിക നിയമനങ്ങളായിരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസ് വിശദമായി പരിഗണിച്ച കോടതി ഇപ്പോൾ സർക്കാർ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
2025 സെപ്റ്റംബറിൽ തമിഴക വെട്രി കഴകം സംഘടിപ്പിച്ച പൊതുയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തത്. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധവും രാഷ്ട്രീയ വിവാദവും ഉയർന്നിരുന്നു. പിന്നീട് സുപ്രീംകോടതി നിർദേശപ്രകാരം കേസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു
