ഇൻഡിഗോ വിമാനത്തിൽ മഹുവ മൊയ്ത്രയ്ക്ക് നേരെ പ്രതിഷേധം; തന്നെ ഉപദ്രവിച്ചെന്ന് എം.പി
കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ തനിക്ക് നേരെ അതിക്രമമുണ്ടായതായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ആരോപിച്ചു. ഒരു കൂട്ടം പുരുഷന്മാർ തന്നെ വളയുകയും അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തതായി മഹുവ പറഞ്ഞു. പാർലമെന്ററി പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാനായി യാത്ര ചെയ്യവെ ഇൻഡിഗോ 6E 719 വിമാനത്തിലാണ് സംഭവം.
വിമാനത്തിലെ 1F സീറ്റിലായിരുന്നു താനെന്നും ആറോളം വരുന്ന പുരുഷന്മാർ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ തന്റെ അടുത്തേക്ക് വന്ന് ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അവർ ആരോപിച്ചു. 'ചോർ ചോർ, ടിഎംസി ചോർ, ജയ് ശ്രീറാം' തുടങ്ങിയ മുദ്രാവാക്യങ്ങൾക്ക് പുറമെ മുഖ്യമന്ത്രി മമത ബാനർജിയെയും അനന്തരവൻ അഭിഷേക് ബാനർജിയെയും ലക്ഷ്യം വെച്ച് അധിക്ഷേപങ്ങൾ ചൊരിഞ്ഞതായും മഹുവ വ്യക്തമാക്കി. വിമാനത്തിനുള്ളിൽ തന്റെ സുരക്ഷ അപകടത്തിലായതായും അവർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞ് അവരെ 'നോ-ഫ്ലൈ' ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് മഹുവ ഇൻഡിഗോ എയർലൈൻസിനോട് ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു കിഞ്ചരപ്പുവിനെയും അവർ ടാഗ് ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ എയർലൈനിന്റെയോ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
