കന്നഡ നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

  1. Home
  2. National

കന്നഡ നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

krisha


കന്നഡ ചലച്ചിത്ര നടി കൃഷി തപന്ദയുടെ ബെംഗളൂരുവിലെ ആർ.ആർ നഗറിലുള്ള ഫ്ലാറ്റിൽ മുപ്പത്തിമൂന്നുകാരനെ (33) മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് എന്ന യുവാവാണ് മരിച്ചതെന്ന് ബെംഗളൂരു പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രിയാണ് വൈശാഖ് നടിയുടെ ആഡംബര ഫ്ലാറ്റിലെത്തിയത്. ഈ സമയം ഫ്ലാറ്റിൽ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് ഇയാൾ ലിവിങ് റൂമിലെ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം നടക്കുമ്പോൾ നടി കൃഷി തപന്ദ വീട്ടിലുണ്ടായിരുന്നില്ലെന്നും അവർ മറ്റൊരിടത്തായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആർ.ആർ നഗർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഫോറൻസിക് തെളിവുകൾ ശേഖരിച്ചു. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു.

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന വൈശാഖ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൃഷി തപന്ദയുടെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മരണത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്നറിയാൻ നടിയെയും മരിച്ചയാളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പോലീസ് ഉടൻ ചോദ്യം ചെയ്യും. മരിച്ച വൈശാഖിന്റെ മുൻകാല ക്രിമിനൽ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രമുഖ വ്യവസായി അരവിന്ദ് റെഡ്ഡിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ വൈശാഖ് നേരത്തെ പോലീസിന്റെ പിടിയിലായിട്ടുണ്ടെന്നും അന്വേഷണസംഘം കൂട്ടിച്ചേർത്തു.