മകളെ പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതി, 43കാരൻ ജയിലിൽ കിടന്നത് ഒന്നര വർഷം, കളളക്കേസെന്ന് കോടതി

  1. Home
  2. National

മകളെ പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതി, 43കാരൻ ജയിലിൽ കിടന്നത് ഒന്നര വർഷം, കളളക്കേസെന്ന് കോടതി

court order


പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസിൽ ഒന്നര വർഷത്തോളമായി ജയിലിൽ കഴിഞ്ഞ 43കാരൻ നിരപരാധിയെന്ന് കണ്ടെത്തി കോടതി. സംഭവത്തിൽ ഇയാളുടെ ഭാര്യ നൽകിയത് കളളക്കേസാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് പരാജയം സംഭവിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവം നടന്ന ദിവസം ഏതെന്ന് പോലും എഫ്‌ഐആറിൽ കൃത്യമായി രേഖപ്പെടുത്തിരുന്നില്ലെന്നും കോടതി വിമർശിച്ചു.

2021 നവംബർ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജ പരാതിയിൽ ഹരിദ്വാറിലെ മംഗ്ലൗർ പൊലീസ് ഇയാൾക്കെതിരെ കേസ് എടുക്കുകയായിരുന്നു. പതിനഞ്ച് വയസ്സുള്ള മകളെ ഭർത്താവ് നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ഭാര്യ നൽകിയ പരാതി. ഏകദേശം ഒരു മാസത്തോളമായി താൻ സഹോദരന്റെ വീട്ടിലായിരുന്നു. മക്കൾ ഭർത്താവിനൊപ്പമാണ് താമസിച്ചിരുന്നത്, അപ്പോഴാണ് മൂത്തമകളെ ഭർത്താവ് പീഡിപ്പിച്ചിരുന്നതെന്ന് പരാതിയിൽ പറയുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് അതിക്രമത്തെക്കുറിച്ച് അറിഞ്ഞതെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞിരുന്നു.

തുടർന്ന് യുവതിയുടെ പരാതിക്ക് അനുകൂലമായ മൊഴിയാണ് പെൺകുട്ടിയും പൊലീസിനോട് പറഞ്ഞിരുന്നത്. വീട്ടിൽ അമ്മയില്ലാതിരുന്നപ്പോൾ അച്ഛൻ പീഡിപ്പിച്ചിരുന്നുവെന്നും പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്നും പറഞ്ഞതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്നാണ് അറസ്റ്റ് നടന്നത്. ഒടുവിൽ കേസിൽ കോടതിയിൽ നടന്ന വിചാരണയ്ക്കിടയാണ് സംഭവം കളളക്കേസാണെന്ന് തെളിഞ്ഞത്.

ഭാര്യയും ഭർത്താവും തമ്മിലുളള സ്വത്ത് തർക്കമാണ് വ്യാജ പീഡനക്കേസിൽ കലാശിച്ചതെന്ന് വിചാരണ വേളയിൽ കണ്ടെത്തി. പെൺകുട്ടിയുടെ വൈദ്യപരിശോധനയിലും ലൈംഗികാതിക്രമം നടത്തിയതിന്റെ തെളിവുകൾ ലഭിച്ചിരുന്നില്ല. ഇരുവരുടെയും രണ്ടാമത്തെ മകൾ നൽകിയ മൊഴി വിചാരണയിൽ നിർണായകമായി. അച്ഛന്റെ പേരിലുളള ഭൂമി അമ്മയ്ക്ക് നൽകാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. ഇതിന് ശേഷമാണ് മൂത്ത സഹോദരി അച്ഛൻ പീഡിപ്പിച്ചെന്ന് കളളം പറഞ്ഞതെന്നും പെൺകുട്ടി പറഞ്ഞു. അമ്മയുടെ നിർബന്ധ പ്രകാരമാണ് മൂത്തസഹോദരി ആരോപിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തി.