മണിപ്പുർ വീണ്ടും സംഘർഷഭരിതം; കുക്കി വിഭാഗക്കാരുടെ 15 വീടുകൾ അഗ്നിക്കിരയാക്കി, ഒരാൾ കൊല്ലപ്പെട്ടു

  1. Home
  2. National

മണിപ്പുർ വീണ്ടും സംഘർഷഭരിതം; കുക്കി വിഭാഗക്കാരുടെ 15 വീടുകൾ അഗ്നിക്കിരയാക്കി, ഒരാൾ കൊല്ലപ്പെട്ടു

manipur


മണിപ്പുരിൽ വീണ്ടും സായുധ സംഘർഷം. കാംജോങ് ജില്ലയിലെ ചസ്സാദ് ഗ്രാമത്തിൽ കുക്കി വിഭാഗത്തിൽപ്പെട്ടവരുടെ പതിനഞ്ചോളം വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കി. ശനിയാഴ്ച രാത്രിയോടെ ഗ്രാമത്തിലെത്തിയ സംഘം വീടുകൾക്ക് തീയിടുകയായിരുന്നു. ആക്രമണത്തെ തുടർന്ന് ഭയചകിതരായ നിരവധിപ്പേർ വനപ്രദേശങ്ങളിലേക്കും സമീപത്തെ സൈനിക ക്യാമ്പുകളിലേക്കും പലായനം ചെയ്തു.

തുടർന്ന് ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെയ്പ്പിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി അസം റൈഫിൾസ്, ബി.എസ്.എഫ്, കാംജോങ് പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ വൻ സുരക്ഷാസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ചസ്സാദ് ഗ്രാമത്തിലെ സംഘർഷത്തിലും മരണത്തിലും ഉപമുഖ്യമന്ത്രി നെംച കിഗ്‌പെൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടത്തോടും സുരക്ഷാസേനയോടും ജാഗരൂകരായിരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.