വിവാഹം കഴിക്കുന്നത് ജോലിക്കാരിയെയല്ല, ഭാര്യ വീട്ടുജോലി ചെയ്യാത്തത് ക്രൂരതയല്ല: സുപ്രീം കോടതി

  1. Home
  2. National

വിവാഹം കഴിക്കുന്നത് ജോലിക്കാരിയെയല്ല, ഭാര്യ വീട്ടുജോലി ചെയ്യാത്തത് ക്രൂരതയല്ല: സുപ്രീം കോടതി

   supreme court


ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി. ഭാര്യ ഭക്ഷണം പാകം ചെയ്യാൻ വിസമ്മതിച്ചു എന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത അഭിപ്രായപ്പെട്ടു.

മാറുന്ന കാലത്തിനനുസരിച്ച് പാചകം, അലക്ക് തുടങ്ങിയ വീട്ടുജോലികളിൽ ഭർത്താവും പങ്കുചേരണമെന്ന് ജസ്റ്റിസ് വിക്രം നാഥും ഓർമ്മിപ്പിച്ചു. ഭാര്യ ഭക്ഷണം പാകം ചെയ്യാൻ തയ്യാറാകുന്നില്ലെന്നും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് തന്നെ ക്ഷണിച്ചില്ലെന്നുമായിരുന്നു ഭർത്താവിന്റെ പ്രധാന പരാതി. കൂടാതെ, വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഭാര്യയുടെ മനോഭാവം മാറിയെന്നും തന്നെയും മാതാപിതാക്കളെയും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നും ഭർത്താവ് ആരോപിച്ചു.

എന്നാൽ, ഭർത്താവിന്റെ ആരോപണങ്ങളെ ഭാര്യ കോടതിയിൽ ശക്തമായി നിഷേധിച്ചു. ഭർത്താവിന്റെയും കുടുംബത്തിന്റെയും സമ്മതത്തോടെയാണ് പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയതെന്നും എന്നാൽ അവർ ചടങ്ങിൽ പങ്കെടുക്കാതെ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാര്യ വാദിച്ചു. നേരത്തെ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീലാണ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.