മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും; രണ്ട് പേർക്ക് പൊള്ളലേറ്റു
മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസിൽ (എം.ആർ.പി.എൽ) വൻ സ്ഫോടനവും തീപിടിത്തവും. ഉച്ചയ്ക്ക് 12.20-ഓടെ കമ്പനിയിലെ ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റിലാണ് അപകടമുണ്ടായത്. സംഭവം ഷിഫ്റ്റുകളുടെ ഇടവേള സമയത്തായതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പൊള്ളലേൽക്കുകയും ആറ് പേർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
സ്ഫോടനത്തിന് പിന്നാലെ വൻതോതിൽ പുകയും ഉയർന്നത് പ്രദേശവാസികളിൽ ഭീതി പരത്തി. അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
