തമിഴ്‌നാട്ടിലെ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; 23 മരണം; മരണസംഖ്യ ഉയരാൻ സാധ്യത

  1. Home
  2. National

തമിഴ്‌നാട്ടിലെ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; 23 മരണം; മരണസംഖ്യ ഉയരാൻ സാധ്യത

blast


തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമ്മാണ ശാലയിലാണ് ശനിയാഴ്ച ഉച്ചയോടെ നാടിനെ നടുക്കിയ അപകടമുണ്ടായത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിചിതറിയ നിലയിലാണ് കണ്ടെത്തിയത്. പടക്ക നിർമ്മാണത്തിനായി രാസമിശ്രിതം തയ്യാറാക്കുന്നതിനിടെയുണ്ടായ ഘർഷണമാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

പത്ത് മുറികളുള്ള കെട്ടിടത്തിലായിരുന്നു നിർമ്മാണശാല പ്രവർത്തിച്ചിരുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ നാല് മുറികൾ പൂർണ്ണമായും തകർന്നു. അപകടസമയത്ത് അമ്പതോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പത്ത് കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിന് പിന്നാലെ പടക്കങ്ങൾ തുടർച്ചയായി പൊട്ടിത്തെറിച്ചത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമുണ്ടാക്കി. ശിവകാശി, സാത്തൂർ, വിരുതുനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഗോവിന്ദനല്ലൂർ സ്വദേശി മുത്തുമാണിക്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വനജ ഫയർ വർക്സ്. സ്ഥാപനത്തിന് നിയമപരമായ ലൈസൻസ് ഉണ്ടെന്ന് റവന്യൂ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.