നാഷണൽ കോൺഫറൻസിൽ വൻ പൊട്ടിത്തെറി; ആഗ റൂഹുള്ള എം.പി സ്ഥാനം രാജിവെച്ചു, പുതിയ പാർട്ടിയുണ്ടാക്കുമെന്ന് സൂചന
ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ (National Conference) ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. പ്രമുഖ നേതാവും ശ്രീനഗർ എം.പിയുമായ ആഗ സയീദ് റൂഹുള്ള മെഹ്ദി പാർട്ടി വിടുകയും ലോക്സഭാ അംഗത്വം രാജിവെക്കുകയും ചെയ്തു. പിതാവ് ആഗ സയ്യിദ് മെഹ്ദിയുടെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ച് ബുദ്ഗാമിൽ സംഘടിപ്പിച്ച ബഹുജന റാലിയെ അഭിസംബോധന ചെയ്യവെയാണ് റൂഹുള്ള നിർണായക പ്രഖ്യാപനം നടത്തിയത്.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കൽ, തടവുകാരുടെ മോചനം, സൗജന്യ വൈദ്യുതി തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് പാർട്ടി നേതൃത്വം പിന്നോട്ടുപോയെന്ന് അദ്ദേഹം ആരോപിച്ചു. നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്കും മുഖ്യമന്ത്രി ഉമർ അബ്ദുള്ളയ്ക്കുമെതിരെ രൂക്ഷവിമർശനമുന്നയിച്ച അദ്ദേഹം, തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ വെറും നുണകളായിരുന്നുവെന്നും അത്തരം നുണകളുടെ ഭാഗമായി തുടരാൻ തനിക്ക് കഴിയില്ലെന്നും തുറന്നടിച്ചു. 80 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ജമ്മു കശ്മീരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനമോ പാർട്ടിയോ രൂപീകരിക്കുന്നതിന്റെ വ്യക്തമായ സൂചനകളും അദ്ദേഹം നൽകി.
ജമ്മു കശ്മീരിൽ നിർണായക സ്വാധീനമുള്ള ഷിയാ വിഭാഗത്തിന്റെ പ്രമുഖ നേതാവായ റൂഹുള്ളയെ കഴിഞ്ഞ ഏതാനും മാസങ്ങളായി പാർട്ടി തഴയുകയായിരുന്നു. കേന്ദ്ര ഭരണകൂടത്തോടും ബി.ജെ.പിയോടും ഒത്തുതീർപ്പ് രാഷ്ട്രീയമാണ് ഉമർ സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. റൂഹുള്ളയുടെ രാജിയെത്തുടർന്ന് പാർട്ടിയിലെ മറ്റ് അസംതൃപ്തരായ നേതാക്കളും എം.എൽ.എമാരും അദ്ദേഹത്തിനൊപ്പം നീങ്ങുമോയെന്ന ആശങ്കയിലാണ് നാഷണൽ കോൺഫറൻസ് നേതൃത്വം.
