ജന്തർ മന്തർ 2.0 പ്രതിഷേധം തടയാൻ ഡൽഹിയിൽ വൻ മുന്നൊരുക്കം ; ട്രെയിനുകൾ റദ്ദാക്കി, 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിജെപി നാളെ നടത്താനിരുന്ന ജന്തർ മന്തർ 2.0 പ്രതിഷേധം തടയാൻ ഡൽഹിയിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ. പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രവർത്തകർ തലസ്ഥാനത്തേക്ക് എത്തുന്നത് തടയാൻ ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിക്കുകയും ചെയ്തു.
ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകൾ നാളെ പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ റദ്ദാക്കി. ഈ സമയത്ത് സ്റ്റേഷനുകളിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളും സർവീസ് നടത്തില്ല. ബംഗാളിൽനിന്ന് ഇന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന രണ്ട് രാജധാനി എക്‌സ്പ്രസ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ ഇന്ന് രാത്രി ഒൻപത് മണി മുതൽ അടച്ചിടും. തുടർനിർദേശങ്ങൾ ലഭിച്ച ശേഷമേ ഇവ വീണ്ടും തുറക്കൂ. ജന്തർ മന്തറിലേക്കുള്ള വഴികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 23,000 സി.ആർ.പി.എഫ് ജവാന്മാരെ ഡൽഹിയിൽ വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര ഐടി മന്ത്രാലയം നിർദേശം നൽകിയതായും വിവരമുണ്ട്. തെറ്റിദ്ധാരണ പരത്തുന്നതും കൃത്യമല്ലാത്തതുമായ പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം.
പ്രതിഷേധത്തിന് പത്ത് ദിവസം മുമ്പ് അനുമതി തേടണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് അനുമതി നിഷേധിച്ചതെന്നും ഡൽഹി പൊലീസ് കമ്മിഷണർ നൂപുർ പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്.
