മധ്യപ്രദേശിൽ നവരാത്രി ആഘോഷങ്ങൾക്കിടെ വൻ ദുരന്തം; തീർത്ഥാടകർക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 മരണം, 39 പേർക്ക് പരിക്ക്
മധ്യപ്രദേശിലെ ഗ്വാളിയാറിൽ നവരാത്രി ആഘോഷങ്ങൾക്കിടെ ക്ഷേത്രത്തിലേക്ക് വരികയായിരുന്ന തീർത്ഥാടകർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി 12 പേർ മരിച്ചു. അപകടത്തിൽ 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്വാളിയാറിലെ ഷീത്ല മാതാ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ദാരുണമായ സംഭവം നടന്നത്. ചിന്നോർ ഭാഗത്തുനിന്ന് നെല്ലുമായി വന്ന ഭാരമേറിയ ട്രക്കാണ് അപകടമുണ്ടാക്കിയത്.
ഭാരമേറിയ വാഹനങ്ങൾക്ക് നിയന്ത്രണമുള്ള കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുപോയ വാഹനം ഭക്തരെ ഇടിച്ചുതെറിപ്പിച്ച ശേഷം ക്ഷേത്രത്തിന്റെ പുറംമതിലിലും ഗേറ്റിലും ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരിൽ ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കും അപകടത്തിൽ പരിക്കേറ്റു. ഗതാഗത നിയന്ത്രണം നിലനിൽക്കെ ട്രക്ക് എങ്ങനെ ബാരിക്കേഡുകൾ മറികടന്ന് ക്ഷേത്ര റോഡിലേക്ക് പ്രവേശിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഗ്വാളിയാർ കളക്ടർ രുചിക ചൗഹാൻ അറിയിച്ചു.
