പാർലമെന്റ് മന്ദിരം നിർമ്മിച്ച കേന്ദ്ര സർക്കാരിന് ഉദ്‌ഘാടനം ചെയ്യാൻ അവകാശമുണ്ട്; പ്രതിപക്ഷത്തെ വിമർശിച്ച് മായാവതി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം ശരിയല്ലെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി. പാർലമെന്റ് നിർമ്മിച്ചത് കേന്ദ്രസർക്കാരായതുകൊണ്ട് അത് ഉദ്ഘാടനം ചെയ്യാൻ അവർക്ക് അവകാശമുണ്ടെന്നും മായാവതി പറഞ്ഞു. എന്നാൽ വ്യക്തിപരമായ തിരക്കുകൾ കാരണം തനിക്ക് തനിക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്നും ക്ഷണിച്ചതിന് നന്ദിയെന്നും അവർ വ്യക്തമാക്കി.
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് 20 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് അറിയിച്ചിരിക്കുന്നത്. എന്നാൽ ബിആര്‍എസ് പാര്‍ട്ടി നിലപാട് അറിയിച്ചിട്ടില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസ് അടക്കമുള്ള അഞ്ച് പ്രതിപക്ഷ പാർട്ടികളും ചടങ്ങിൽ പങ്കെടുക്കും. ഇതിനിടെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിക്കാനിരിക്കുന്ന ചെങ്കോലിന്റെ പേരിലും രാഷ്ട്രീയ വിവാദം തുടങ്ങിയിട്ടുണ്ട്. സ്വാതന്ത്യ ദിനത്തിലെ അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായ ചെങ്കോലിനെ ഇത്രയും കാലം കോണ്‍ഗ്രസ് അവജ്ഞയോടെയാണ് കണ്ടതെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്.