കുറ്റകൃത്യ റിപ്പോർട്ടിങ്: കേന്ദ്രം മാര്‍ഗനിര്‍ദേശം തയ്യാറാക്കണമെന്ന് സുപ്രീംകോടതി

കുറ്റകൃത്യ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയ്യാറാക്കണമെന്ന് സുപ്രീംകോടതി. ഒരു മാസത്തിനുള്ളിൽ മാർഗനിർദേശം നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ.ചന്ദ്രചൂഡ് നൽകിയ നിർദേശം. മാധ്യമങ്ങള്‍ക്ക് പൊലീസ് നൽകുന്ന വിവരങ്ങള്‍, ഊഹാപോഹങ്ങള്‍ വെച്ചുള്ള മാധ്യമ റിപ്പോർട്ടിങ്ങിന് കാരണമാകുമെന്ന് നീരിക്ഷിച്ചാണ് നടപടി. അച്ചടി-ദൃശ്യ-സാമൂഹിക മാധ്യമങ്ങള്‍ക്കാണ് മാര്‍ഗനിര്‍ദേശം കൊണ്ടുവരുന്നത്.
സംസ്ഥാന ഡി.ജി.പി മാരുടെ കൂടി നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കേണ്ടത്. കുറ്റകൃത്യ കേസുകളിൽ മാധ്യമങ്ങള്‍ക്ക് വിവരം നൽകാനായി ഒരു പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കണമെന്നും,
ക്രൈം റിപ്പോര്‍ട്ടിങ്ങില്‍ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഭീകരവാദികളുമായ് അടക്കം ഏറ്റുമുട്ടലുകള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍, ക്രിമിനല്‍ കേസുകളുടെ അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് പൊലീസ് സ്വമേധയാ വാര്‍ത്ത നല്‍കുന്നതിന്റെ പരിധി എന്നീ രണ്ട് വിഷയങ്ങളാണ് കോടതി പരിഗണിച്ചത്. ഇതിൽ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതില്‍ പരിധി നിശ്ചയിക്കാന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ച സുപ്രിംകോടതി, പൊലീസിന് സ്വയം നിയന്ത്രണം കല്‍പ്പിയ്ക്കുകയാണ് ഉചിതമെന്നും വ്യക്തമാക്കി.