കേന്ദ്രത്തിനു വഴങ്ങി മെറ്റ; ലൈംഗികാതിക്രമ ഉള്ളടക്കത്തിലും സാങ്കേതിക പിഴവിലും മാപ്പുപറഞ്ഞ് സക്കർബർഗ്
മെറ്റ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങളും ഡീപ്പ്ഫേക്കുകളും പ്രചരിച്ചതിലും ഉള്ളടക്ക നിയന്ത്രണത്തിലുണ്ടായ വീഴ്ചകളിലും കേന്ദ്ര സർക്കാരിനോട് ഖേദപ്രകടനം നടത്തി മെറ്റ സി.ഐ.ഒ മാർക്ക് സക്കർബർഗ്. കേന്ദ്ര ഐ.ടി മന്ത്രാലയ ഉദ്യോഗസ്ഥരും മെറ്റയുടെ ആഗോള നേതൃത്വവും തമ്മിൽ ഡൽഹിയിൽ നടന്ന ഉന്നതതല ചർച്ചകളിലാണ് സക്കർബർഗ് മാപ്പുപറഞ്ഞത്. വ്യാജ പ്രചാരണങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും തടയുന്നതിൽ സംഭവിച്ച പോരായ്മകൾ കമ്പനി അംഗീകരിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത വിഷയം ഈ യോഗത്തിൽ ചർച്ചയായില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിനും അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ വേഗത്തിൽ നീക്കം ചെയ്യുന്നതിനുമായി സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്ന് മെറ്റ ഉറപ്പുനൽകിയിട്ടുണ്ട്. നേരത്തെ, പ്രധാനമന്ത്രിയുടെ വീഡിയോ താൽക്കാലികമായി അപ്രത്യക്ഷമായ സംഭവത്തിൽ മൂന്നുദിവസത്തിനകം സക്കർബർഗ് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം 'സേഫ് ഹാർബർ' നിയമപരിരക്ഷ റദ്ദാക്കുമെന്നും ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി ഐ.ടി സമിതി അന്ത്യശാസനം നൽകിയിരുന്നു.
ഇതിനുപുറമേ ഗൂഗിൾ, എക്‌സ്, യൂട്യൂബ് അടക്കമുള്ള മറ്റ് മുൻനിര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോടും കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അധിക്ഷേപ ഉള്ളടക്കങ്ങൾ മൂന്ന് ദിവസത്തിനകം പൂർണ്ണമായി നീക്കം ചെയ്യാനും സമിതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
