'പണമില്ലാതെ ഒരു പാർട്ടിക്കും പ്രവർത്തിക്കാൻ സാധിക്കില്ല, തിരഞ്ഞെടുപ്പ് ബോണ്ട് നല്ല ലക്ഷ്യം'; നിധിൻ ഗഡ്കരി

  1. Home
  2. National

'പണമില്ലാതെ ഒരു പാർട്ടിക്കും പ്രവർത്തിക്കാൻ സാധിക്കില്ല, തിരഞ്ഞെടുപ്പ് ബോണ്ട് നല്ല ലക്ഷ്യം'; നിധിൻ ഗഡ്കരി

NITIN


രാജ്യത്ത് പണമില്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനങ്ങളും നടത്താൻ സാധിക്കില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി. സുപ്രീംകോടതി അടുത്തിടെ റദ്ദാക്കിയ തിരഞ്ഞെടുപ്പ് ബോണ്ട് 2017ൽ കേന്ദ്ര സർക്കാർ നല്ല ഉദ്ദേശ്യത്തോടുകൂടി കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ഈ വിഷയത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ നൽകുകയാണെങ്കിൽ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചിരുന്ന് ചർച്ച നടത്തണമെന്നും നിധിൻ ഗഡ്കരി പറഞ്ഞു. 

കഴിഞ്ഞ ദിവസം ഗാന്ധിനഗറിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'അരുൺ ജെയ്റ്റ്ലി കേന്ദ്ര ധനമന്ത്രിയായിരുന്ന സമയത്ത് താനും തിരഞ്ഞെടുപ്പ് ബോണ്ട് ചർച്ചകളിൽ ഭാഗമായിരുന്നു. പണമില്ലാതെ ഒരു പാർട്ടിക്കും നിലനിൽക്കാൻ സാധിക്കില്ല. ചില രാജ്യങ്ങളിൽ സർക്കാരുകൾ തന്നെ രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തിക്കുന്നതിനാവശ്യമായ പണം നൽകുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ അതുപോലൊരു വ്യവസ്ഥയില്ല. അതിനാലാണ് തിരഞ്ഞെടുപ്പ് ബോണ്ട് പോലുളള കാര്യങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കിയത്'- നിധിൻ ഗഡ്കരി പറഞ്ഞു.


'രാജ്യത്ത് തിരഞ്ഞെടുപ്പ് ബോണ്ട് നയം കൊണ്ടുവന്നതിന്റെ പ്രധാന ലക്ഷ്യം എന്തെന്നാൽ പാർട്ടികൾക്ക് പണം നേരിട്ട് ലഭിക്കുന്നതിനാണ്. പക്ഷെ പണം നൽകുന്ന വ്യക്തികളുടെ പേരും മറ്റുവിവരങ്ങളും വെളിപ്പെടുത്താറില്ല. കാരണം അധികാരം മാറുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയിളളതിനാലാണ്. ഒരു മാധ്യമ സ്ഥാപനത്തിന് പോലും അവരുടെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനുളള പണത്തിനായി ഒരു സ്പോൺസർ അത്യാവശ്യമാണ്. അതുപോലെ തന്നെയാണ് രാഷ്ട്രീയ പാർട്ടികളുടെ അവസ്ഥയും. നിങ്ങൾ സത്യാവസ്ഥ മനസിലാക്കേണ്ടതുണ്ട്. കൂടുതൽ സുതാര്യത കൊണ്ടുവരാനാണ് സർക്കാർ തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നത്. ഞങ്ങളുടെ ഉദ്ദേശ്യം നല്ലതാണ്. സുപ്രീംകോടതി ഇനിയും ഈ വിഷയത്തിൽ എന്തെങ്കിലും പോരായ്മകൾ കണ്ടെത്തുകയാണെങ്കിൽ എല്ലാ പാർട്ടികളും ഏകകണ്ഠമായി ഒരുമിച്ചിരുന്ന് തീരുമാനമെടുക്കും. നമ്മുടെ രാജ്യത്തെ എല്ലാ പാർട്ടികളും പ്രവർത്തനങ്ങൾക്ക് സുതാര്യമായ രീതിയിൽ പണം കണ്ടെത്തേണ്ടതുണ്ട്.പണമില്ലാതെ ഒരു പാർട്ടിക്കും പ്രവർത്തനങ്ങൾ നടത്താൻ സാധിക്കില്ല' അദ്ദേഹം വ്യക്തമാക്കി.