ഡൽഹിയിൽ സ്യൂട്ട്‌കേസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം; ബന്ധു അറസ്റ്റിൽ
ഡൽഹി ബുരാരിയിലെ അജിത് വിഹാറിൽ സ്യൂട്ട്‌കേസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് ഔട്ടർ നോർത്ത് ജില്ലാ സ്‌പെഷ്യൽ സ്റ്റാഫ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. തുടർന്ന് പ്രതിയുമായി അജിത് വിഹാറിലെത്തിയ പൊലീസ് സ്യൂട്ട്‌കേസിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെടുത്തു.
പെൺകുട്ടി അടുത്തിടെയാണ് ബിഹാറിൽ നിന്ന് ഡൽഹിയിലെത്തിയതെന്ന് കേസ് അന്വേഷിക്കുന്ന ഇൻസ്‌പെക്ടർ വിശ്വേന്ദ്ര ചൗധരി പറഞ്ഞു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്നും പരിശോധന നടത്തും.
മൃതേദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഫൊറൻസിക് തെളിവുകൾ ഉൾപ്പെടെയുള്ളവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന്റെ കാരണം, രീതി എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
