മോദിയും അമിത് ഷായും രാജ്യദ്രോഹികൾ, രാജ്യത്തെ വ്യവസായികൾക്ക് വിൽക്കുന്നു; കടുത്ത ഭാഷയിൽ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

  1. Home
  2. National

മോദിയും അമിത് ഷായും രാജ്യദ്രോഹികൾ, രാജ്യത്തെ വ്യവസായികൾക്ക് വിൽക്കുന്നു; കടുത്ത ഭാഷയിൽ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

rahul gandhi


പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആർ.എസ്.എസും (RSS) രാജ്യദ്രോഹികളാണെന്ന് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ഭരണഘടനയെ ഇവർ ദിനംപ്രതി ആക്രമിക്കുകയാണെന്നും ഇന്ത്യയുടെ താൽപ്പര്യങ്ങളും പൊതുസമ്പത്തും ഏതാനും ചില കോർപ്പറേറ്റ് വ്യവസായികൾക്കായി ഇവർ വിൽക്കുകയാണെന്നും രാഹുൽ ഗാന്ധി കടുത്ത ഭാഷയിൽ ആരോപിച്ചു.

റായ്ബറേലിയിൽ സംഘടിപ്പിച്ച, പ്രാദേശിക വിപ്ലവകാരിയായ വീര പാസിയെ അനുസ്മരിച്ചുകൊണ്ടുള്ള 'ബഹുജൻ സ്വാഭിമാൻ സഭ'യിൽ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് പ്രവർത്തകർ നിങ്ങളുടെ വീടുകളിൽ വന്ന് നരേന്ദ്ര മോദിയെയും അമിത് ഷായെയും കുറിച്ച് സംസാരിക്കുമ്പോൾ, ആ സംഘടനയും മോദിയും ഷായും രാജ്യദ്രോഹികളാണെന്ന് നിങ്ങൾ മുഖത്തുനോക്കി പറയണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. ഇവർ നമ്മുടെ രാജ്യം വിൽക്കാൻ പ്രവർത്തിച്ചു. ഭരണഘടനയെയും ബി.ആർ അംബേദ്കറെയും മഹാത്മാഗാന്ധിയെയും ഇവർ നിരന്തരം ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പോക്കറ്റടിക്കുന്ന പ്രധാനമന്ത്രി; സമ്പത്ത് അദാനിക്കും അംബാനിക്കും

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ബോധപൂർവ്വം ദുർബലപ്പെടുത്തിക്കൊണ്ടും, രാജ്യത്ത് ജാതി സെൻസസ് നടത്താൻ വിസമ്മതിച്ചുകൊണ്ടും പ്രധാനമന്ത്രി 24 മണിക്കൂറും ഭരണഘടനയ്ക്ക് എതിരെയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ പോക്കറ്റിൽ നിന്നാണ് മോദി സമ്പത്ത് കൊള്ളയടിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയുടെ നിയന്ത്രണം മുഴുവൻ അദ്ദേഹം അദാനിക്കും അംബാനിക്കും കൈമാറിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

രാജ്യത്ത് വലിയൊരു സാമ്പത്തിക കൊടുങ്കാറ്റ് വരുന്നുണ്ടെന്ന മുന്നറിയിപ്പും രാഹുൽ ഗാന്ധി നൽകി. മുൻപ് നോട്ട്‌നിരോധന കാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും ചെയ്തതുപോലെ, പ്രതിസന്ധി വരുമ്പോൾ ജനങ്ങൾക്ക് മുന്നിൽ കരഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കും. ഇത് തന്റെ തെറ്റല്ലെന്ന് വീണ്ടും ജനങ്ങളോട് പറയുകയും ചെയ്യും. എന്നാൽ ഇതിന്റെയെല്ലാം യഥാർത്ഥ തെറ്റുകാർ നരേന്ദ്ര മോദിയും അമിത് ഷായും ആർ.എസ്.എസുമാണ്. സാമ്പത്തിക കാര്യങ്ങളിലും വിദേശ സന്ദർശനങ്ങളിലും പ്രധാനമന്ത്രി കാട്ടുന്നത് ഇരട്ടത്താപ്പാണ്. ജനങ്ങളോട് സ്വർണം വാങ്ങരുതെന്നും വിദേശയാത്രകൾ ഒഴിവാക്കാനും ആവശ്യപ്പെടുന്ന മോദി, സ്വന്തം കാര്യം വരുമ്പോൾ നിരന്തരം വിദേശത്തേക്ക് പറക്കുകയാണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.