വോട്ട് മോഷ്ടിച്ച് മോദി രാജ്യത്തെ ഹൈജാക്ക് ചെയ്തു, നടത്തിയത് രാജ്യദ്രോഹം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി
കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത ആക്രമണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും നടന്നത് രാജ്യദ്രോഹമാണെന്നും അദ്ദേഹം ആരോപിച്ചു.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും മറ്റ് ഇലക്ഷൻ കമ്മീഷണർമാരെയും കാണാനെത്തിയ ഇന്ത്യാ (INDIA) സഖ്യത്തിലെ മുന്നൂറോളം എം.പിമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപം പോലീസ് തടഞ്ഞതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കൃത്യമായി നടത്തേണ്ട കമ്മീഷൻ ജനപ്രതിനിധികളെ ഭയക്കുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. മോദി, അമിത് ഷാ, മോഹൻ ഭഗവത്, ഗ്യാനേഷ് കുമാർ എന്നിവർ ചേർന്ന് രാജ്യത്തെ ജനാധിപത്യം പൂർണ്ണമായും തകർത്തു.
ജനാധിപത്യം തകർത്ത ഈ നടപടിയിൽ പങ്കാളികളായ നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്കെതിരെ ഭാവിയിൽ കർശന നടപടിയുണ്ടാകുമെന്നും ഇതിൽ നിന്ന് ആരും രക്ഷപ്പെടാൻ പോകുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബി.ജെ.പിക്കെതിരെ ചെറുത്തുനിൽക്കുക മാത്രമല്ല, അവരെ പൂർണ്ണമായി തകർക്കുക തന്നെ ചെയ്യുമെന്നും രാഹുൽ വ്യക്തമാക്കി.
