വികസിത ഭാരതത്തിന് സംഭാവന നൽകണമെന്ന് മോദി; പണം എത്തുക ബിജെപിയുടെ അക്കൗണ്ടിലേക്ക്

  1. Home
  2. National

വികസിത ഭാരതത്തിന് സംഭാവന നൽകണമെന്ന് മോദി; പണം എത്തുക ബിജെപിയുടെ അക്കൗണ്ടിലേക്ക്

modi


വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കായി സംഭാവന ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'വികസിത ഭാരതം കെട്ടിപ്പെടുത്താനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തൂ' എന്നാണ് മോദി എക്സിൽ കുറിച്ചത്. ഇതോടൊപ്പം ബിജെപി അക്കൗണ്ടിലേക്ക് നമോ ആപ്പ് വഴി താൻ സംഭാവന നൽകിയതിന്റെ രസീതും മോദി പങ്കുവച്ചു.

#DonationForNationBuilding-ൻ്റെ ഭാഗമാകാൻ താൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു എന്നാണ് മോദി കുറിച്ചത്. മോദി സംഭാവനയായി 2000 രൂപയാണ് നൽകിയിരിക്കുന്നത്. സമൃദ്ധമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ബിജെപിയുടെ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നാണ് മോദിയുടെ അഭ്യ‍‍ർത്ഥന. രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ കൂട്ടായ പങ്കാളിത്തത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ഓ‍ർമിപ്പിക്കുന്നു.

നിരവധി പേരാണ് മോദിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. പലരും തങ്ങൾ സംഭാവന ചെയ്തതിന്റെ രസീതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചു. എന്നാൽ ചിലരാകട്ടെ ഇതിനെതിരെ വിമർശനവുമായി എത്തി. ഒരു രാഷ്ട്രീയ പാർട്ടിക്ക് പണം സംഭാവന ചെയ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ആവശ്യപ്പെടുന്നത് നല്ലതല്ല. രാഷ്ട്രീയ പാർട്ടിയായ ബിജെപിക്ക് ആയിരക്കണക്കിന് കോടി രൂപയുടെ ആസ്തികളും സ്വത്തുക്കളും ഉണ്ടല്ലോ എന്നാണ് ഒരാൾ കുറിച്ചത്.