പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് സമാപനം
പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് സമാപനം. സമ്മേളനത്തിന്റെ അവസാന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ലോക്സഭയിലെത്തിയെങ്കിലും സംസാരിച്ചില്ല. വന്ദേമാതരം പൂർണമായി ആലപിച്ച ശേഷമാണ് സഭ പിരിഞ്ഞത്.സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷം പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. തുടർന്ന് സ്പീക്കർ ഒരുക്കിയ ചായസൽക്കാരവും പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
രാമേശ്വരത്തും തമിഴ്നാട്ടിലെ മറ്റ് തീരദേശ ജില്ലകളിലും ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആവർത്തിച്ച് അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യുന്നതിനെതിരെ കോൺഗ്രസ് എംപി മാണിക്കം ടാഗോർ ലോക്സഭയിൽ ശ്രദ്ധക്ഷണിക്കൽ നോട്ടിസ് നൽകിയിരുന്നു. എന്നാൽ വിഷയം പരിഗണനയ്‌ക്കെടുത്തില്ല.
നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ സ്പീക്കറെ അറിയിച്ചിരുന്നു. എന്നാൽ നീറ്റ് വിഷയത്തോടൊപ്പം അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടും ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനിടെയാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിലെത്തിയത്. തുടർന്ന് സഭ പിരിയുകയായിരുന്നു.
