മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു
സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ ഇളയമകൻ പ്രതീക് യാദവ് (38) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച ലഖ്‌നൗവിലെ സിവിൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ബുധനാഴ്ച പുലർച്ചെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് മെഡിക്കൽ സംഘം വസതിയിലെത്തി പരിശോധിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകേണ്ടതുണ്ട്.
മുലായം സിങ് യാദവിന്റെയും രണ്ടാം ഭാര്യ സാധനാ ഗുപ്തയുടെയും മകനാണ് പ്രതീക്. യുകെയിലെ ലീഡ്‌സ് സർവകലാശാലയിൽ നിന്ന് എംബിഎ നേടിയ അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ പ്രതീക്, മറ്റ് കുടുംബാംഗങ്ങളെപ്പോലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ പാർട്ടി പദവികൾ വഹിക്കുകയോ ചെയ്തിരുന്നില്ല. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ. 2011 ലായിരുന്നു ഇവരുടെ വിവാഹം.
