മുംബൈ സ്‌ഫോടനക്കേസ്: സഞ്ജയ് ദത്തിനെ രക്ഷിക്കാൻ സുനിൽ ദത്ത് സമ്മർദ്ദം ചെലുത്തി; വെളിപ്പെടുത്തലുമായി മുൻ കമ്മീഷണർ

  1. Home
  2. National

മുംബൈ സ്‌ഫോടനക്കേസ്: സഞ്ജയ് ദത്തിനെ രക്ഷിക്കാൻ സുനിൽ ദത്ത് സമ്മർദ്ദം ചെലുത്തി; വെളിപ്പെടുത്തലുമായി മുൻ കമ്മീഷണർ

sanjay dutt


1993-ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നടൻ സഞ്ജയ് ദത്ത് അറസ്റ്റിലായപ്പോൾ, മകനെ രക്ഷിക്കാനായി പിതാവ് സുനിൽ ദത്ത് എം.പി വലിയ തോതിൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി മുൻ മുംബൈ പോലീസ് കമ്മീഷണർ എം.എൻ. സിങ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പതിറ്റാണ്ടുകൾക്ക് ശേഷം അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.

ഭീകരരിൽ നിന്ന് ആയുധങ്ങൾ വാങ്ങിയ കേസിൽ 1993 ഏപ്രിലിലാണ് സഞ്ജയ് ദത്ത് അറസ്റ്റിലാകുന്നത്. കുടുംബത്തിന്റെ സുരക്ഷയ്ക്കാണ് ആയുധം വാങ്ങിയതെന്നായിരുന്നു സഞ്ജയ് ദത്തിന്റെ ആദ്യ വാദം. എന്നാൽ ലൈസൻസുള്ള തോക്കുകളും പോലീസ് സുരക്ഷയുമുള്ളപ്പോൾ എന്തിനാണ് എകെ-56 പോലുള്ള അനധികൃത ആയുധങ്ങൾ എന്ന ചോദ്യത്തിന് മുന്നിൽ താരത്തിന് മറുപടിയുണ്ടായിരുന്നില്ലെന്ന് എം.എൻ. സിങ് ഓർത്തെടുത്തു. പിന്നാലെ മകൻ മണ്ടത്തരം കാണിച്ചതാണെന്നും ഭീകരവാദിയല്ലാത്തതിനാൽ ടാഡ (TADA) നിയമം ചുമത്തരുതെന്നും സുനിൽ ദത്ത് തന്നോട് നേരിട്ട് അഭ്യർത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജയ് ദത്ത് ഭീകരവാദിയല്ലെങ്കിലും ദാവൂദ് ഇബ്രാഹിമിനെ കണ്ടതും ഭീകരരെ സഹായിച്ചതും ഗുരുതരമായ കുറ്റമാണെന്ന നിലപാടിൽ താൻ ഉറച്ചുനിന്നു. ഉന്നതങ്ങളിൽ നിന്ന് സമ്മർദ്ദമുണ്ടായിട്ടും വഴങ്ങിയില്ല. എന്നാൽ പിന്നീട് കേസിൽ വിധി വന്നപ്പോൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് സിങ് പറയുന്നു. ആയുധം വിറ്റ അബു സലേം ഉൾപ്പെടെയുള്ളവർക്ക് ടാഡ പ്രകാരം കടുത്ത ശിക്ഷ ലഭിച്ചപ്പോൾ, ആയുധം വാങ്ങിയ സഞ്ജയ് ദത്തിന് ടാഡ ഒഴിവാക്കി അഞ്ച് വർഷം മാത്രമാണ് ശിക്ഷ നൽകിയത്.

1993-ലെ സ്ഫോടന പരമ്പരയിൽ 257 പേർ കൊല്ലപ്പെടുകയും 1,400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അനധികൃതമായി ആയുധം കൈവശം വെച്ചതിന് അഞ്ച് വർഷം തടവ് ലഭിച്ച സഞ്ജയ് ദത്തിന് പിന്നീട് ശിക്ഷാ ഇളവ് ലഭിക്കുകയും 2016-ൽ ജയിൽ മോചിതനാവുകയും ചെയ്തു.