ഹെൽമറ്റില്ലാതെ അമിതാഭ് ബച്ചൻ, ഒന്നിലധികം നിയമലംഘനവുമായി അനുഷ്‌ക; ബൈക്ക് യാത്രകൾക്ക് പിഴയിട്ട് പോലീസ്

  1. Home
  2. National

ഹെൽമറ്റില്ലാതെ അമിതാഭ് ബച്ചൻ, ഒന്നിലധികം നിയമലംഘനവുമായി അനുഷ്‌ക; ബൈക്ക് യാത്രകൾക്ക് പിഴയിട്ട് പോലീസ്

ANUAMI


സാമൂഹിക മാധ്യമങ്ങളിൽ വൈറലായ രണ്ട് ചിത്രങ്ങളാണ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും അനുഷ്‌ക ശർമയുടെയും ബൈക്ക് യാത്രകൾ. നിർഭാഗ്യവശാൽ രണ്ട് ബൈക്ക് യാത്രകളിലും റൈഡർമാർക്കും പിന്നിൽ ഇരുന്ന താരങ്ങൾക്കും ഹെൽമറ്റ് ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി നടപടി എടുക്കണമെന്ന് മുംബൈ പോലീസിനോട് നിരവധി ആളുകൾ ആവശ്യപ്പെടുകയും നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

മുംബൈ പോലീസ് വാക്കുപാലിച്ചുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹെൽമറ്റ് വയ്ക്കാതെയുള്ള റൈഡിങ്ങിന് അനുഷ്‌കയും ബൈക്ക് റൈഡറും കുടുങ്ങിയതോടെയാണ് മറ്റൊരു നിയമലംഘനം കൂടി പുറത്താവുന്നത്. ഈ ബൈക്ക് ഓടിച്ചിരുന്നയാൾക്ക് ലൈസൻസും ഉണ്ടായിരുന്നില്ല. ലൈസൻസില്ലാതെ വാഹനമോടിച്ചതിന്, ഡൈവറിനും യാത്രക്കാരനും ഹെൽമറ്റ് ഇല്ലാത്തതിനും ലൈസൻസ് ഇല്ലാത്ത ആൾക്ക് ബൈക്ക് ഓടിക്കാൻ നൽകിയ ഉടമയ്ക്കുള്ള പിഴയുമായി 10,500 രൂപയാണ് പോലീസ് പിഴയീടാക്കിയത്.

ബൈക്കിലെ റൈഡർക്കും യാത്രക്കാരനും ഹെൽമെറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമിതാഭ് ബച്ചന് ലിഫ്റ്റ് കൊടുത്തയാളോട് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 1000 രൂപയാണ് അദ്ദേഹം പിഴയൊടുക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളും വീഡിയോകളും തെളിവായി സ്വീകരിച്ചാണ് പോലീസിന്റെ നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഇതിനുപുറമെ, ഈ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി പരാതികളാണ് പോലീസിന് ലഭിച്ചതെന്നും പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കടുത്ത ട്രാഫിക്കിനെ തുടർന്ന് കൃത്യസമയത്ത് ഷൂട്ടിങ്ങ് എത്തുന്നതിനായാണ് രണ്ട് താരങ്ങളും ബൈക്കിനെ ആശ്രയിച്ചത്. എന്നെ കൃത്യസമയത്ത് ജോലി സ്ഥലത്തെത്തിച്ച നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നുവെന്ന് അമിതാഭ് ബച്ചൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു.