നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎ വിദഗ്ധ സമിതിയിലെ അധ്യാപികയെ സിബിഐ അറസ്റ്റ് ചെയ്തു
രാജ്യത്തെ ഞെട്ടിച്ച നീറ്റ് യുജി (NEET UG) ചോദ്യപേപ്പർ ചോർച്ചക്കേസുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നിയോഗിച്ച വിദഗ്ധ സമിതിയിലെ അധ്യാപികയെ സിബിഐ അറസ്റ്റ് ചെയ്തു. പുണെയിൽ ബയോളജി പ്രൊഫസറായ മനീഷ ഗുരുനാഥ് മന്ഥാരെയെയാണ് ശനിയാഴ്ച ഡൽഹിയിൽ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം ഒൻപതായി ഉയർന്നു.
ഈ വർഷത്തെ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കാനും പരീക്ഷാ നടത്തിപ്പിനുമായി എൻടിഎ രൂപവത്കരിച്ച പ്രത്യേക വിദഗ്ധ സമിതിയിലെ അംഗമായിരുന്നു മനീഷ. ഈ പദവി ദുരുപയോഗം ചെയ്താണ് ഇവർ ചോദ്യപേപ്പർ ചോർത്തിയതെന്ന് സിബിഐ കണ്ടെത്തി. പരീക്ഷയിലെ ബോട്ടണി, സുവോളജി വിഷയങ്ങളിലെ ചോദ്യങ്ങൾ മനീഷയ്ക്ക് ഔദ്യോഗികമായി നേരത്തെ തന്നെ ലഭിച്ചിരുന്നു. ഈ ചോദ്യങ്ങൾ ഇവർ പരീക്ഷയ്ക്ക് മുൻപ് കുട്ടികൾക്ക് ചോർത്തി നൽകുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ ആദ്യവാരം, കേസിൽ നേരത്തെ അറസ്റ്റിലായ മനീഷ വാഗ്മാരെ എന്ന ഇടനിലക്കാരി വഴി ചില വിദ്യാർത്ഥികളെ കണ്ടെത്തി ഇവർക്ക് ഒളിവിൽ പരീക്ഷാ പരിശീലനം നൽകിയിരുന്നു. പുണെയിലെ വീട്ടിൽ വെച്ച് നടത്തിയ ഈ രഹസ്യ ക്ലാസുകളിലാണ് ബോട്ടണി, സുവോളജി വിഷയങ്ങളിൽ പരീക്ഷയ്ക്ക് വരാൻ പോകുന്ന ചോദ്യങ്ങൾ കുട്ടികൾക്ക് കൃത്യമായി കുറിച്ചു നൽകിയത്. പിന്നീട് പരീക്ഷ നടന്നപ്പോൾ ഇവർ നൽകിയ അതേ ചോദ്യങ്ങൾ തന്നെയാണ് ചോദ്യപേപ്പറിൽ ആവർത്തിച്ചതെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ലാത്തൂരിലെ കെമിസ്ട്രി പ്രൊഫസറായ പി.വി. കുൽക്കർണിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാളും എൻടിഎയുടെ ഇതേ വിദഗ്ധ സമിതിയിൽ അംഗമായിരുന്നു. പരീക്ഷാ നടത്തിപ്പിന്റെ അതീവ സുരക്ഷിതത്വമുള്ള സമിതിയിൽ ഉള്ളവർ തന്നെ ചോദ്യങ്ങൾ ചോർത്തിയെന്ന കണ്ടെത്തൽ എൻടിഎയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അധ്യാപകരിലേക്കും ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കി.
