നീറ്റ് ചോദ്യപേപ്പർ ചോർച്ച; വീഴ്ച സമ്മതിച്ച് എൻടിഎ, പാർലമെന്ററി സമിതി അതൃപ്തി രേഖപ്പെടുത്തി
നീറ്റ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വീഴ്ച സംഭവിച്ചതായി ദേശീയ പരീക്ഷ ഏജൻസിയായ എൻടിഎ സമ്മതിച്ചു. പാർലമെന്ററി സമിതിക്ക് മുൻപാകെ ഹാജരായപ്പോഴാണ് ഉദ്യോഗസ്ഥർ വീഴ്ച സമ്മതിച്ചത്.സംഭവത്തിൽ പാർലമെന്ററി സമിതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ചോദ്യപേപ്പർ ചോർച്ച പരീക്ഷയുടെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയേറ്റെന്ന് എൻടിഎ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ സമിതി നിർദേശം നൽകി.''ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്'' എന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് എൻടിഎ അറിയിച്ചു.
പരീക്ഷാ സുരക്ഷയിൽ ഉണ്ടായ വീഴ്ചയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പരാജയവും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന് പാർലമെന്ററി സമിതി അഭിപ്രായപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥർ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും സമിതിയിൽ ആവശ്യം ഉയർന്നു.ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിലെ നിരവധി ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിലും വന്നെന്ന ആരോപണത്തെ തുടർന്നാണ് വിവാദം ശക്തമായത്. പിന്നാലെ നീറ്റ് പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷ നടത്താൻ തീരുമാനിക്കുകയും ചെയ്തു.പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ഏജൻസികളുടെ സഹായം തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
