നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; കർശന സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രത്തിന്റെ നിർദേശം
നീറ്റ് യു.ജി. പുനഃപരീക്ഷ കർശനസുരക്ഷയോടെ നടത്താനും മുൻ പരീക്ഷയിൽ ഉണ്ടായ പിഴവുകൾ പൂർണമായി പരിഹരിക്കാനും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ നിർദേശം നൽകി. പരീക്ഷാ തയ്യാറെടുപ്പുകൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയത്.മുൻ പരീക്ഷാനടത്തിപ്പിൽ കണ്ടെത്തിയ എല്ലാ വീഴ്ചകളും സമഗ്രമായി പരിഹരിക്കണമെന്നും പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പുനഃപരീക്ഷയിൽ കർശന സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണം. കളക്ടർമാരുമായും പോലീസ് സൂപ്രണ്ടുമാരുമായും ഏകോപനയോഗങ്ങൾ സംഘടിപ്പിക്കണമെന്നും നിർദേശിച്ചു.
പരീക്ഷാകേന്ദ്രങ്ങളിൽ ജാഗ്രതയിലും സുരക്ഷയിലും വിട്ടുവീഴ്ച പാടില്ലെന്നും വിദ്യാർഥികൾക്ക് ഗതാഗതം, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കണമെന്നും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
ചോദ്യച്ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യു.ജി. പരീക്ഷ ജൂൺ 21-നാണ് വീണ്ടും നടത്തുന്നത്.
