'നീറ്റ് പരീക്ഷ പൂർണ്ണമായും ഒഴിവാക്കണം; മെഡിക്കൽ വിദ്യാഭ്യാസ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് നൽകണം': ആവശ്യമുന്നയിച്ച് ടി.വി.കെ
നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ, നീറ്റ് പരീക്ഷ പൂർണ്ണമായി റദ്ദാക്കണമെന്ന ആവശ്യവുമായി വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK). കേന്ദ്രീകൃത പ്രവേശന സമ്പ്രദായം രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ ടി.വി.കെ, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് പൂർണ്ണമായി കൈമാറണമെന്നും ആവശ്യപ്പെട്ടു.
നിലവിൽ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള (Concurrent List) വിദ്യാഭ്യാസത്തെ പൂർണ്ണമായും സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണമെന്ന് പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിന് നിയമപരമായ തടസ്സങ്ങളുണ്ടെങ്കിൽ ഇടക്കാല ആശ്വാസമെന്ന നിലയിൽ പ്രത്യേക കൺകറന്റ് ലിസ്റ്റ് രൂപീകരിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും അവർ നിർദ്ദേശിച്ചു. എം.ബി.ബി.എസ് ഉൾപ്പെടെയുള്ള മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന നയം തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് തന്നെയാണ് വേണ്ടത്.
സംസ്ഥാനത്തെ ഭരണകക്ഷിയായ ഡി.എം.കെയെ (DMK) പേരെടുത്ത് പറയാതെയും ടി.വി.കെ രൂക്ഷമായി വിമർശിച്ചു. 'അധികാരത്തിലെത്തിയാൽ നീറ്റ് പൂർണ്ണമായി റദ്ദാക്കും' എന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയം തങ്ങൾ സ്വീകരിക്കില്ലെന്ന് പാർട്ടി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. നീറ്റ് വിഷയത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായ നിയമനിർമ്മാണങ്ങൾക്കും പോരാട്ടങ്ങൾക്കും പാർട്ടി പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
