നേപ്പാൾ പ്രളയം: കുടുങ്ങിയ കേരളീയരിൽ 60 പേർ സുരക്ഷിതർ; 8 പേർക്കായി തിരച്ചിൽ തുടരുന്നു
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികളിൽ 60 പേരും സുരക്ഷിതരാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടിവ് ഓഫിസർ രാജേഷ് മാധവൻ അറിയിച്ചു. പ്രളയബാധിത മേഖലകളിൽ കുടുങ്ങിയതായി സംശയിക്കുന്ന 82 പേരുടെ വിവരങ്ങളാണ് നോർക്ക ഹെൽപ് ഡെസ്കുകളിൽ ലഭിച്ചിരുന്നത്. ഇതിൽ 60 പേർ മലയാളികളും 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്.
ബാക്കിയുള്ള എട്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതിൽ നാലുപേർ ഓസ്ട്രേലിയൻ പൗരത്വമുള്ള മലയാളികളും നാലുപേർ കേരളീയരുമാണ്. ഇവർക്കായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും രാജേഷ് മാധവൻ വ്യക്തമാക്കി.
അതേസമയം, കൈലാസ് മാനസരോവർ യാത്ര പോയ 19 മലയാളികൾ ഉൾപ്പെടുന്ന 23 അംഗ ഇന്ത്യൻ സംഘം സുരക്ഷിതരായി യാത്ര തുടരുകയാണ്. ഇവർ ഓഗസ്റ്റ് 29-ന് കാഠ്മണ്ഡുവിൽ എത്തിയ ശേഷം ഓഗസ്റ്റ് 31-ഓടെ വിമാനമാർഗ്ഗം നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം. നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്ന മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ നോർക്ക റൂട്ട്സ് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
