നേപ്പാൾ ആഭ്യന്തരമന്ത്രി സുദാൻ ഗുരുങ് രാജിവെച്ചു; ഒരു മാസത്തിനിടെ പടിയിറങ്ങുന്ന രണ്ടാമത്തെ മന്ത്രി
നേപ്പാളിൽ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ് ഒരു മാസം തികയുന്നതിനിടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. അഴിമതി ആരോപണങ്ങളെത്തുടർന്ന് ആഭ്യന്തരമന്ത്രി സുദാൻ ഗുരുങ് ഇന്ന് രാജിവെച്ചു. അനധികൃത സ്വത്ത് സമ്പാദനം, പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ വ്യവസായിയുമായുള്ള സാമ്പത്തിക ബന്ധം എന്നിവ പുറത്തുവന്നതിന് പിന്നാലെയാണ് രാജി. ഒരു മാസത്തിനിടെ ഷാ മന്ത്രിസഭയിൽ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് ഗുരുങ്.
തന്റെ മേലുള്ള ആരോപണങ്ങളിൽ സുതാര്യമായ അന്വേഷണം ഉറപ്പാക്കാനാണ് സ്ഥാനമൊഴിയുന്നതെന്ന് സുദാൻ ഗുരുങ് വ്യക്തമാക്കി. സ്ഥാനത്തേക്കാൾ വലുത് ധാർമികതയാണെന്നും പൊതുജീവിതം ശുദ്ധമായിരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പണം വെളുപ്പിക്കൽ കേസിൽ പിടിയിലായ വ്യവസായി ദീപക് ഭട്ടുമായുള്ള ഗുരുങ്ങിന്റെ സാമ്പത്തിക ഇടപാടുകളാണ് സർക്കാരിന് വലിയ തലവേദനയായത്. നേരത്തെ, സെപ്റ്റംബറിലെ യുവജന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കിനെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതിലൂടെ ഗുരുങ് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങളുമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി ബാലേന്ദ്ര ഷായ്ക്ക് തന്റെ മന്ത്രിമാരുടെ രാജി വലിയ തിരിച്ചടിയാണ് നൽകുന്നത്. ഈ മാസം ആദ്യം സ്വന്തം ഭാര്യയെ ഹെൽത്ത് ഇൻഷുറൻസ് ബോർഡ് അംഗമായി നിയമിക്കാൻ പദവി ദുരുപയോഗം ചെയ്തു എന്നാരോപിച്ച് തൊഴിൽ മന്ത്രി ദീപക് കുമാർ ഷായെ പ്രധാനമന്ത്രി പുറത്താക്കിയിരുന്നു. അഴിമതി തുടച്ചുനീക്കാനുള്ള 100 ഇന പരിഷ്‌കരണ അജണ്ടയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് സർക്കാരിന് ഈ പ്രഹരമേറ്റിരിക്കുന്നത്. പുതിയ മന്ത്രിയെ നിശ്ചയിക്കുന്നത് വരെ ആഭ്യന്തര വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി തന്നെ വഹിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
