യാത്രക്കാരുടെ സൗകര്യത്തിന് പുതിയ നീക്കം: റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപേ; റെയിൽവേയുടെ നിർണായക മാറ്റം
റെയിൽ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുമായി റിസർവേഷൻ ചാർട്ട് ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപേ തയാറാക്കും എന്ന് റെയിൽവേ അറിയിച്ചു.
ഇപ്പോൾ നിലവിൽ 4 മണിക്കൂർ മുൻപാണ് ചാർട്ട് തയ്യാറാക്കുന്നത്. വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് പെട്ടെന്ന് ബദൽ ക്രമീകരണങ്ങൾ നടത്താൻ പുതിയ നടപടി സഹായകമാകും.
ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പരിഷ്‌കാരങ്ങളുടെ പുരോഗതി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ അവലോകനം ചെയ്തതിനു ശേഷമാണ് പുതിയ തീരുമാനം. പുതിയ തീരുമാനപ്രകാരം, ഉച്ചയ്ക്ക് 2 മണിക്ക് മുൻപു പുറപ്പെടുന്ന ട്രെയിനുകൾക്ക്, റിസർവേഷൻ ചാർട്ട് തലേന്ന് രാത്രി 9 മണിക്ക് തയാറാക്കും. വിദൂര പ്രദേശങ്ങളിൽ നിന്നോ വലിയ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നോ വരുന്ന യാത്രക്കാർക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കണക്കുക്കൂട്ടൽ.
പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും റെയിൽവേ ആരംഭിച്ചു. ഇത് 2025 ഡിസംബറോടെ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മിനിറ്റിൽ 40 ലക്ഷത്തിലധികം ടിക്കറ്റ് അന്വേഷണങ്ങൾ കൈകാര്യം ചെയ്യാനും പുതിയ സംവിധാനത്തിനു കഴിയും.
