ജഷ്പൂരിലെ വിമാനാപകട വാർത്തകൾ വ്യാജം; സ്ഥിരീകരണവുമായി ഛത്തീസ്ഗഢ് സർക്കാർ
ഛത്തീസ്ഗഢിലെ ജഷ്പൂർ ജില്ലയിൽ വിമാനം തകർന്നു വീണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സർക്കാർ അറിയിച്ചു. ജില്ലയിലെ നാരായൺപൂർ മലനിരകളിൽ വിമാനാപകടം നടന്നതായി സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനകൾക്കൊടുവിലാണ് അധികൃതർ ഔദ്യോഗിക വിശദീകരണം നൽകിയത്.
വാർത്തകൾ ശ്രദ്ധയിൽപ്പെട്ട ഉടൻ ജഷ്പൂർ കളക്ടർ രോഹിത് വ്യാസ്, എസ്.എസ്.പി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വനമേഖലയിലും മലനിരകളിലും ഡ്രോണുകൾ ഉപയോഗിച്ചും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നേരിട്ടും തിരച്ചിൽ നടത്തിയെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങളോ മറ്റ് അപകട സൂചനകളോ കണ്ടെത്താനായില്ല. ഇതോടെയാണ് പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് ഭരണകൂടം സ്ഥിരീകരിച്ചത്.
സമീപ ഗ്രാമങ്ങളിലെ താമസക്കാരോടും അധികൃതർ വിവരങ്ങൾ തേടിയിരുന്നു. വിമാനം തകരുന്നത് കാണുകയോ അസ്വാഭാവികമായ ശബ്ദങ്ങൾ കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. നിലവിൽ ഒരു വിമാനവും കാണാതായതായി റിപ്പോർട്ടുകളില്ലെന്ന് കളക്ടർ രോഹിത് വ്യാസ് അറിയിച്ചു. വിവിധ ഏജൻസികളുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെങ്കിലും വിമാനാപകടം നടന്നുവെന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി.
