പട്ടിലിംഗം എൻഐഎ ഐജി; നിയമന ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയുടെ ഐജിയായി ഐപിഎസ് ഉദ്യോഗസ്ഥൻ സുന്ദർരാജ് പട്ടിലിംഗത്തെ നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. പുപുതിയ ദൗത‍്യം ഏറ്റെടുക്കാൻ അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്ന് കേന്ദ്രം ചത്തീസ്ഗഡ് സർക്കാരിനോട് ആവശ‍്യപ്പെട്ടിട്ടുണ്ട്.
2003 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സുന്ദർരാജ്, മാവോയിസ്റ്റ് സ്വാധീനമുള്ള ചത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ 12 വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിൽ ഏഴ് വർഷം അദ്ദേഹം പൊലീസ് മേധാവിയായും പ്രവർത്തിച്ചു.കോയമ്പത്തൂരിലെ തമിഴ്നാട് കാർഷിക സർവകലാശാലയിലെ പൂർവ വിദ‍്യാർഥിയായിരുന്ന സുന്ദർരാജ് മാവോയിസ്റ്റുകളെ നേരിടാൻ 2005ൽ കാങ്കറിൽ സ്ഥാപിച്ച കൗണ്ടർ ഇൻസർജൻസി ആൻഡ് ജംഗിൾ വാർഫെയർ സ്കൂളിൽ കമാൻഡോ പരീശീലനം നേടിയ ആദ‍്യത്തെ പൊലീസ് ഉദ‍്യോഗസ്ഥരിൽ ഒരാളാണ്. നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും സുരക്ഷാ സേനകളുടെ ഏകോപനത്തിലും നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനെന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധേയനായത്.
