സഖ്യമില്ല, ടിവികെ ഒറ്റയ്ക്ക് മത്സരിക്കും; പുതുച്ചേരിയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് വിജയ്

  1. Home
  2. National

സഖ്യമില്ല, ടിവികെ ഒറ്റയ്ക്ക് മത്സരിക്കും; പുതുച്ചേരിയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് വിജയ്

vijay


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആരുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK). പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 30 സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി ഔദ്യോഗികമായി പുറത്തിറക്കി. പുതുച്ചേരിക്ക് പിന്നാലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലും ടിവികെ തനിച്ച് തന്നെ പോരാടുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ ഇതോടെ പൂർണ്ണമായും തള്ളപ്പെട്ടു.

ഏപ്രിൽ ഒമ്പതിനാണ് പുതുച്ചേരിയിൽ വോട്ടെടുപ്പ് നടക്കുന്നത്. പ്രഖ്യാപിച്ച 30 സ്ഥാനാർത്ഥികളിൽ രണ്ട് പേർ വനിതകളാണ്. അടുത്തിടെ ടിവികെയിൽ ചേർന്ന മുൻ പുതുച്ചേരി ബിജെപി അധ്യക്ഷൻ വി. സ്വാമിനാഥനും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. തമിഴ്‌നാട് തിരഞ്ഞെടുപ്പിലും തനിച്ച് മത്സരിക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വിജയ് നേരത്തെ തന്നെ അണികളെ അറിയിച്ചിരുന്നു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ ഭാഗമായാൽ 80 സീറ്റുകളും ഉപമുഖ്യമന്ത്രി പദവും വിജയ്‌ക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും താരം അത് നിരസിക്കുകയായിരുന്നു.

ഏപ്രിൽ 23-നാണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യത്തിലെ സീറ്റ് വിഭജനം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ആകെയുള്ള 234 സീറ്റുകളിൽ 178 എണ്ണത്തിൽ എഐഎഡിഎംകെയും 27 സീറ്റുകളിൽ ബിജെപിയും മത്സരിക്കും. പിഎംകെ 18 സീറ്റിലും എഎംഎംകെ 11 സീറ്റിലും ജനവിധി തേടും. ഇന്ന് മാർച്ച് 23 തിങ്കളാഴ്ച വിജയ് നടത്തിയ ഈ നീക്കം ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.