ആംആദ്മി പാർട്ടിയുമായി സഖ്യമില്ലെന്ന് കോൺഗ്രസ്; കോൺഗ്രസ് ബിജെപിയെയാണ് സഹായിക്കുന്നതെന്ന് ആംആദ്മി

ആംആദ്മി പാർട്ടിക്കെതിരായ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എഎപിയുമായി സഖ്യമില്ലെന്ന് മുതിർന്ന നേതാവ് അജയ് മാക്കൻ പറഞ്ഞു. 10 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് രാഹുലിനെയും പ്രിയങ്കയെയും ഇറക്കി കോൺഗ്രസ് പ്രചാരണം ശക്തമാക്കും. കോൺഗ്രസ് ബിജെപിയെയാണ് സഹായിക്കുന്നതെന്ന് ആംആദ്മി പാർട്ടി ആവർത്തിച്ചു.
തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ എഎപി കോൺഗ്രസ് പോര് കടുക്കുകയാണ്. ദില്ലി തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിലെ മറ്റു പാർട്ടികൾ കൂട്ടത്തോടെ എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസിന് വലിയ ക്ഷീണമായിരുന്നു. ടിഎംസി, എസ്പി, ആർജെഡി പാർട്ടികളാണ് എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച്ത. ഇന്നലെ ബിഹാറിലെത്തി രാഹുൽ ലാലു പ്രസാദ് യാദവിനെയടക്കം കണ്ടിരുന്നു. ഇതിനു ശേഷവും എഎപിയോടുള്ള നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. ദില്ലിയിൽ വിജയപ്രതീക്ഷയുള്ള 10 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം സജീവമാക്കുകയാണ് കോൺഗ്രസ്.
റിപ്പബ്ലിക് ദിനത്തിന് ശഷം രാഹുൽ ഗാന്ധി ഈ മണ്ഡലങ്ങളിൽ പദയാത്ര നടത്തും. പ്രിയങ്ക ഗാന്ധിയും യാത്രയിൽ അണിചേരും. കോൺഗ്രസ് ബിജെപിയെയാണ് സഹായിക്കുന്നതെന്നാണ് എഎപി വിമർശനം. എന്നാൽ എഎപിയാണ് ഡൽഹിയിൽ ആദ്യം സഖ്യമില്ലെന്ന് പ്രഖ്യാപിച്ചതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.