കർണാടകയിൽ മുഖ്യമന്ത്രി മാറ്റമില്ല; ഡൽഹി യോഗത്തിൽ വിഷയം ചർച്ചയായില്ലെന്ന് കെ.സി. വേണുഗോപാൽ
കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയമിക്കാൻ നീക്കം നടക്കുന്നുവെന്ന വാർത്തകൾ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ്. ഡൽഹിയിൽ കോൺഗ്രസ് നേതൃത്വം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന് പിന്നാലെയാണ് കർണാടകയിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചത്. എന്നാൽ വരാനിരിക്കുന്ന രാജ്യസഭാ, നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ആലോചിക്കാനാണ് യോഗം ചേർന്നതെന്നും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കർണാടകയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാല എന്നിവർ പങ്കെടുത്തു. രണ്ട് മണിക്കൂറോളം നീണ്ട ചർച്ചയിൽ തിരഞ്ഞെടുപ്പ് കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. യോഗത്തിന് ശേഷം പുറത്തിറങ്ങിയ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി ഇരുവരും അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയും ബാക്കി കാലാവധി ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകണമെന്ന തരത്തിൽ ഹൈക്കമാൻഡ് റൊട്ടേഷണൽ ഫോർമുല രൂപീകരിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആദ്യ പകുതി പൂർത്തിയാകാറായതോടെ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ അദ്ദേഹത്തിന്റെ അനുയായികൾ സമ്മർദ്ദം ശക്തമാക്കിയതായാണ് സൂചന.
മുൻപുണ്ടാക്കിയ ധാരണപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാൽ ജൂൺ 18-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാമെന്നും കേന്ദ്രത്തിൽ പദവികൾ നൽകാമെന്നും ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ സിദ്ധരാമയ്യ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. നിലവിൽ ഭൂരിപക്ഷം എം.എൽ.എമാരും തനിക്കൊപ്പമാണെന്ന നിലപാടിലാണ് സിദ്ധരാമയ്യ. താൻ മാറേണ്ടി വന്നാൽ ജി. പരമേശ്വരയെപ്പോലുള്ള ദളിത് നേതാക്കളെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനും സിദ്ധരാമയ്യ പക്ഷം ശ്രമിക്കുന്നുണ്ട്. എന്നാൽ കേരള മാതൃകയിൽ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ട് തീരുമാനമെടുക്കണമെന്നാണ് ഡി.കെ. ശിവകുമാർ പക്ഷത്തിന്റെ ആവശ്യം.
