നഴ്‌സിംഗ് വിദ്യാർത്ഥിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

മധ്യപ്രദേശിൽ പ്രണയത്തിന്റെ പേരിൽ കാമുകന്റെ കൊടുംക്രൂരത. ആശുപത്രി പരിസരത്ത് എല്ലാവരും നോക്കിനിൽക്കെ നഴ്‌സിംഗ് വിദ്യാർത്ഥിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
കഴിഞ്ഞ ദിവസമാണ് ആശുപത്രിക്കുള്ളിൽ അതിക്രൂര കൊലപാതകം നടന്നത്. നഴ്സിംഗ് വിദ്യാർത്ഥിയായ സന്ധ്യ ചൗധരിയാണ് കൊലപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:- സന്ധ്യയും പ്രതി അഭിഭേഷകും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും ബന്ധത്തിൽ ചില പ്രശ്‌നങ്ങളുണ്ടായി. ഇതോടെ സന്ധ്യക്ക് മറ്റൊരു ബന്ധമുണ്ടായി എന്ന സംശയിച്ച് അഭിഷേക് പെൺകുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ പരിശീലനത്തിനായി സന്ധ്യ എത്തിയ നർസിംഗ്പൂർ ജില്ലയിലെ ജില്ലാ ആശുപത്രിയിൽ ഇയാൾ എത്തി. സന്ധ്യയോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചവരുത്തി. പിന്നാലെ സന്ധ്യയെ അടിച്ച് നിലത്തിട്ട പ്രതി കാലുകൾ നെഞ്ചിൽ കയറ്റിശേഷം കഴുത്തിൽ കത്തി കുത്തിയിറക്കി. പിന്നീട് കഴുത്ത് അറുത്ത് കൊലപ്പെടുത്തി.
ആശുപത്രിയിൽ എല്ലാവരും നോക്കിനിൽക്കെയായിരുന്നു കൊലപാതകം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിക്ക് കർശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സന്ധ്യയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. മാതാപിതാക്കളുടെ ഏക മകളായിരുന്നു സന്ധ്യ. പിതാവ് ഹിരാലാൽ ചൗധരി പച്ചക്കറി വിൽപ്പനക്കാരനാണ്.