കൃത്രിമം നടത്തി ഐഎഎസ് നേടി; കോടതി ജാമ്യം തള്ളിയതിന് പിന്നാലെ പൂജാ ഖേദ്കർ ഒളിവിൽ പോയി
കൃത്രിമം നടത്തി ഐഎഎസ് നേടിയെന്ന കേസിലെ പ്രതി പൂജാ ഖേദ്കറെ കാണാനില്ല. ഐഎഎസ് റദ്ദാക്കുകയും ജാമ്യം കോടതി തള്ളിയതിനും പിന്നാലെയാണ് പൂജയെ കാണാതായത്. കഴിഞ്ഞ ദിവസമാണ് നിയമന ശിപാര്‍ശ യു.പി.എസ്.സി റദ്ദാക്കിയത്. ഭാവിയില്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് സ്ഥിരമായി വിലക്കുകയും ചെയ്തിരുന്നു. ജൂലൈ 18-ന് യു.പി.എസ്.സി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ജൂലൈ 25-നകം മറുപടി സമര്‍പ്പിക്കണമെന്ന് പൂജാ ഖേഡ്കറോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആവശ്യമായ രേഖകള്‍ ശേഖരിക്കുന്നതിനായി ആഗസ്ത് നാല് വരെ സമയം നല്‍കണമെന്ന് പൂജാ ആവശ്യപ്പെട്ടിരുന്നു.
ജൂലായ് 30-ന് വൈകുന്നേരം 3.30 വരെയായിരുന്നു വിശദീകരണം നല്‍കാന്‍ അവര്‍ക്ക് സമയം അനുവദിച്ചിരുന്നത്. അതിനുള്ളില്‍ വിശദീകരണം നല്‍കാത്തതിനാലാണ് യു.പി.എസ്.സി. നടപടി സ്വീകരിച്ചത്. ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷൻ കണ്ടെത്തി നടപടിക്ക് ശിപാർശ ചെയ്യുകയായിരുന്നു.
പൂജ ഖേദ്കറിനെതിരെ ഡല്‍ഹി പൊലീസും കേസെടുത്തിരുന്നു. വ്യാജരേഖ ചമച്ചതിന് യുപിഎസ്‌സി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.പൂജ തന്‍റെ സ്വകാര്യ ഔഡി കാറില്‍ ചുവന്ന-നീല ബീക്കണ്‍ ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചത് വിവാദമായിരുന്നു. കാറില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ബോര്‍ഡും പൂജ സ്ഥാപിച്ചിരുന്നു. വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, ഒരു കോൺസ്റ്റബിൾ എന്നിവ ഉൾപ്പെടുന്ന അന്യായമായ ആവശ്യങ്ങളും ഖേദ്കർ ഉന്നയിച്ചിരുന്നു.നിയമപ്രകാരം ഒരു ട്രയിനിക്ക് ഈ സൗകര്യങ്ങളൊന്നും അനുവദനീയമല്ല.
ഇത് കൂടാതെ അഡീഷണൽ കലക്ടർ അജയ് മോറെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ചേംബറും പൂജ കൈവശപ്പെടുത്തി സ്വന്തം പേരെഴുതിയ ബോർഡും വച്ചു. അഡീഷണൽ കലക്‌ടറുടെ അനുമതി ഇല്ലാതെയാണ് അവർ കസേര, സോഫകൾ, മേശ ഉൾപ്പെടെ എല്ലാ സാമഗ്രികളും നീക്കം ചെയ്‌തത്. ശേഷം ലെറ്റർഹെഡ്, വിസിറ്റിംഗ് കാർഡ്, പേപ്പർ വെയ്റ്റ്, നെയിം പ്ലേറ്റ്, റോയൽ സീൽ, ഇന്റർകോം എന്നിവ നൽകാൻ റവന്യു അസിസ്റ്റന്റിന് നിർദേശവും നൽകി. റിട്ടയേർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ പൂജയുടെ പിതാവും മകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ജില്ലാ കലക്ടറുടെ ഓഫീസിൽ സമ്മർദ്ദം ചെലുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.