'ജനം മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അദ്ദേഹം നയിക്കണം'; വിജയ്‌ക്ക് പിന്തുണയുമായി ഖുശ്ബു
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം നേരിടുന്ന വിജയ്‌ക്ക് പിന്തുണയുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു രംഗത്ത്. തമിഴ്‌നാട്ടിലെ ജനങ്ങൾ അവരുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ അദ്ദേഹം നയിക്കണമെന്നാണ് ഖുശ്ബു എക്സിൽ കുറിച്ചത്. കമൽ ഹാസൻ, വിശാൽ, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖർക്ക് പിന്നാലെയാണ് ഖുശ്ബുവും വിജയ്‌ക്ക് അനുകൂല നിലപാടുമായി എത്തിയത്.
വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) തിരഞ്ഞെടുപ്പിൽ മികച്ച വിജയം കാഴ്ചവെച്ചെങ്കിലും കേവല ഭൂരിപക്ഷമില്ലെന്ന കാരണത്താൽ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണെന്ന് കഴിഞ്ഞ ദിവസം കമൽ ഹാസൻ അഭിപ്രായപ്പെട്ടിരുന്നു. വിജയ്‌യെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ് ജനതയുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിന് മുൻപ് ഖുശ്ബുവിന്റെ ഭർത്താവും സംവിധായകനുമായ സുന്ദർ സി മധുരയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നെങ്കിലും ടി.വി.കെയുടെ മധർ ബദറുദ്ദീനോട് പരാജയപ്പെട്ടിരുന്നു. അന്ന് വിജയ്‌ക്കെതിരെ സംസാരിക്കാൻ സുന്ദർ സി തയ്യാറാകാത്തത് വലിയ വാർത്തയായിരുന്നു. ഖുശ്ബുവും വിജയ്‌യും തമ്മിലുള്ള സഹോദരതുല്യമായ ബന്ധമാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞിരുന്നത്. രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യം ജനാധിപത്യപരമായ വിധിയെ മാനിക്കണമെന്ന ആവശ്യമാണ് ഖുശ്ബുവും ഉയർത്തുന്നത്.
